പബ്‌ജി ഗെയിമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പാകിസ്ഥാൻ സ്വദേശി സീമ ഹൈദറും ഇന്ത്യൻ പങ്കാളി സച്ചിൻ മീണയും നേപ്പാളിൽ മുറിയെടുത്ത് താമസിച്ചത് വ്യാജ പേരിലായിരുന്നു എന്ന വെളിപ്പെടുത്തലുമായി കാഠ്മണ്ഡുവിലെ ഹോട്ടൽ ഉടമ. ശിവൻഷ് എന്ന വ്യാജ പേരിലാണ് മുറിയെടുത്തതെന്ന് ഹോട്ടൽ ഉടമയായ ഗണേഷ് വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മാർച്ച് മാസത്തിൽ ഇരുവരും തന്റെ ഹോട്ടലിൽ 7- 8 ദിവസം താമസിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
“അവർ കൂടുതൽ സമയവും മുറിക്കുള്ളിൽ തന്നെ ആയിരുന്നു. ചിലപ്പോൾ ഇടയ്ക്ക് വൈകുന്നേരങ്ങളിൽ പുറത്തുപോകാറുണ്ടായിരുന്നെന്നും രാത്രി 9.30 നും 10 നും ഇടയ്ക്ക് ഹോട്ടൽ അടയ്ക്കുന്ന നേരത്ത് തിരിച്ചുവരാറുണ്ടായിരുന്നു “എന്നും ഗണേഷ് വ്യക്തമാക്കി. അതേസമയം സച്ചിൻ ആണ് മുൻകൂട്ടി റൂം ബുക്ക് ചെയ്തിരുന്നത്. ഭാര്യ അടുത്ത ദിവസം തനിക്കൊപ്പം ഉണ്ടാകും എന്നാണ് സച്ചിൻ ഹോട്ടൽ ജീവനക്കാരോട് പറഞ്ഞിരുന്നത്. എല്ലാം പ്ലാൻ ചെയ്തതുപോലെ സീമ അടുത്ത ദിവസം എത്തി. കുട്ടികൾ ഇല്ലാതെയാണ് അവർ എത്തിയതെന്നും ഹോട്ടൽ ഉടമ പറഞ്ഞു. ഇന്ത്യൻ കറൻസിയായ രൂപ പണമായി അടച്ചാണ് സച്ചിൻ മുറിയെടുത്തതെന്നും ഗണേഷ് കൂട്ടിച്ചേർത്തു.