കറുപ്പണിഞ്ഞ് പ്രതിപക്ഷം, മണിപ്പൂർ വിഷയത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം

0

അവിശ്വാസ പ്രമേയ ചർച്ചയുമായി ബന്ധപ്പെട്ട ആശയ വിനിമയം പുരോഗമിക്കുമ്പോഴും പാർലമെന്റ് നടപടികൾ ഇന്നും പ്രക്ഷുബ്ധമായി. മണിപ്പൂർ വിഷയത്തിലെ അടിയന്തര പ്രമേയങ്ങൾക്ക് അവതരണാനുമതി നൽകാത്തതിൽ പ്രതിപക്ഷ അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ചു. വിശദമായ ചർച്ചയ്ക്ക് അവസരമുണ്ടായിട്ടും സഭാനടപടികൾ തടസ്സപ്പെടുത്തുന്നത് നീതീകരിക്കാൻ കഴിയില്ലെന്ന് സ്പീക്കർ വിമർശിച്ചു.

കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷം ഇന്ന് പാർലമെന്റിലെത്തിയത്. മണിപ്പൂർ വിഷയത്തിന്റെ ഗൗരവം അംഗീകരിക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷം ഇരുസഭകളിലും എതിർപ്പ് ഉന്നയിച്ചു. പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ അനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നയപരമായ കാര്യങ്ങൾ സഭ ചർച്ച ചെയ്യുന്നത് ഉചിതമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നൽകിയിട്ടും സഭാനടപടികൾ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നിലപാടിനെ സ്പീക്കർ വിമർശിച്ചു. അതേസമയം മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി സഭയിൽ മറുപടി പറയുന്നതുവരെ പ്രതിഷേധം തുടരും. പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ സർക്കാരിന് കഴിയില്ലെന്നും മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ പറഞ്ഞു.

അവിശ്വാസ പ്രമേയത്തിന്റെ തീയതിയും സമയവും സംബന്ധിച്ച് സ്പീക്കർ കക്ഷി നേതാക്കളുമായി ചർച്ച നടത്തിവരികയാണ്. ധാരണയായാലുടൻ കാര്യോപദേശക സമിതി യോഗം ചേരും. അവിശ്വാസ പ്രമേയ ചർച്ചയുടെ സമയം ഇന്ന് തന്നെ പ്രഖ്യാപിക്കാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here