വിഴിഞ്ഞം തുറമുഖത്തെ ചരക്കു നീക്കത്തിനായി ബാലരാമപുരത്തു നിന്നാരംഭിക്കുന്ന ഭൂഗർഭ റെയിൽപ്പാതയ്ക്കായി പുതിയ പഠനം

0

വിഴിഞ്ഞം തുറമുഖത്തെ ചരക്കു നീക്കത്തിനായി ബാലരാമപുരത്തു നിന്നാരംഭിക്കുന്ന ഭൂഗർഭ റെയിൽപ്പാതയ്ക്കായി പുതിയ പഠനം. ധൻബാദിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആൻഡ് ഫ്യുവൽ റിസർച് (സിഎസ്ഐആർ-സിഐഎംഎഫ്ആർ) ആണ് ഭൂമിക്കടിയിലൂടെയുള്ള തുരങ്കപാതയെക്കുറിച്ച് പഠനം നടത്തുക. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ഭൂമിക്കടിയിൽ 25– 30 മീറ്റർ ആഴത്തിലാണ് പാത കടന്നു പോകുന്നതെന്ന് അധികൃതർ പറയുന്നു. ഈ പ്രദേശത്തു ഭൂമിക്കു മുകളിലുള്ള നിർമാണങ്ങളെ ബാധിക്കില്ലെങ്കിലും പൈലിങ് ഉൾപ്പെടെയുള്ളവയ്ക്കു നിയന്ത്രണമുണ്ടാകും. കൂടുതൽ സ്ഥലം റോഡുകളുടെ അടിയിലൂടെ പോകുന്ന വിധമാകും റെയിൽപ്പാത തയാറാക്കുക. ജനുവരിയിൽ പദ്ധതിക്കു തറക്കല്ലിടുന്ന വിധം പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാണു നിർദേശം.

ഭൂമിക്കടിയിലൂടെ തുരങ്ക പാതയാക്കണമെങ്കിൽ വിശദമായ പഠനം നടത്തണമെന്ന് എൻവയൺമെന്റ് അസസ്മെന്റ് കമ്മിറ്റി (ഇഎസി) വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിക്കു (വിസിൽ) നിർദേശം നൽകിയിരുന്നു.

പദ്ധതി നടപ്പാക്കുമ്പോൾ ഉണ്ടാകാവുന്ന അപകട സാധ്യതകളും അതു പരിഹരിക്കാനുള്ള മാർഗങ്ങളും ഉൾപ്പെടെ പഠിച്ചു റിപ്പോർട്ട് നൽകാനാണ് നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിഐഎംഎഫ്ആറിനു കരാർ നൽകിയത്. പദ്ധതി നടപ്പായാൽ രാജ്യത്തെ രണ്ടാമത്തെ വലിയ ഭൂഗർഭ തുരങ്ക പാതയായിരിക്കും ബാലരാമപുരം – വിഴിഞ്ഞം പാത.

LEAVE A REPLY

Please enter your comment!
Please enter your name here