യുവതി ഹെല്‍മറ്റില്ലാതെ യുവാവിന്റെ ബൈക്കിനു പിന്നിലിരുന്ന സഞ്ചരിച്ചെന്ന് എംവിഡി യുടെ നോട്ടീസ് ; വീട്ടില്‍ നോമ്പിന് ശേഷമുള്ള പ്രാര്‍ത്ഥനയില്‍ ആയിരുന്നെന്ന് യുവാവും ഭാര്യയും

0


താമരശേരി (കോഴിക്കോട്‌): യുവാവിന്റെ ബൈക്കിനു പിന്നില്‍ യുവതി ഹെല്‍മറ്റില്ലാതെ സഞ്ചരിച്ചുവെന്നു കാണിച്ച്‌ മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസ്‌. എന്നാല്‍ ഈ സമയത്തു യാത്ര ചെയ്‌തിട്ടില്ലെന്ന്‌ യുവാവും ഭാര്യയും. താമരശേരി കാരാടി പറച്ചിക്കോത്ത്‌ താമസിക്കുന്ന ഫൈസലും കുടുംബവുമാണ്‌ സംഭവത്തിന്റെ നിജസ്‌ഥിതിയറിയാതെ കുഴങ്ങുന്നത്‌.

കഴിഞ്ഞ ദിവസമാണ്‌ ഫൈസലിന്‌ എം.വി.ഡിയുടെ നോട്ടീസ്‌ ലഭിച്ചത്‌. ബൈക്കിനു പിന്നിലിരിക്കുന്നയാള്‍ ഹെല്‍മറ്റ്‌ ധരിച്ചില്ലാത്തതിനാല്‍ പിഴയടയ്‌ക്കണമെന്നായിരുന്നു നോട്ടീസ്‌. ഏപ്രില്‍ ഒന്നിന്‌ കോഴിക്കോട്‌ ഭാഗത്തെ ക്യാമറയില്‍ ചിത്രം പതിഞ്ഞുവെന്നും വ്യക്‌തമാക്കിയിട്ടുണ്ട്‌.

ഇതനുസരിച്ച്‌ തുക അടയ്‌ക്കാന്‍ ഫൈസല്‍ തയ്യാറായിരിക്കെയാണ്‌ ബൈക്കിനു പിന്നില്‍ ഹാഫ്‌സ്ലീവ്‌ ഷര്‍ട്ട്‌ ധരിച്ച്‌ ബാഗും തൂക്കിയിരിക്കുന്ന യുവതി താനല്ലെന്നു ഭാര്യ പറഞ്ഞത്‌. ഇതോടെ സൂക്ഷ്‌മ പരിശോധന നടത്തിയപ്പോഴാണ്‌ ബൈക്കിലുള്ളതു താനല്ലെന്ന്‌ ഫൈസലിനു മനസിലായത്‌.

നോമ്പുകാലത്തെ പ്രാര്‍ഥനാസമയമാണു നോട്ടീസില്‍ കാണിച്ചിട്ടുള്ളത്‌. ഈ സമയം ഫൈസല്‍ വീട്ടിലുണ്ടായിരുന്നുവെന്ന്‌ ഭാര്യയുള്‍പ്പെടെ വീട്ടുകാരും ഉറപ്പിച്ചു. അതിനാല്‍ കുടുംബകലഹമുണ്ടായില്ല. അന്ന്‌ തന്റെ ബൈക്കില്‍ യാത്ര ചെയ്‌തതാര്‌ എന്ന ചോദ്യമാണ്‌ ഫൈസലിനെ ഇന്ന് കുഴയ്‌ക്കുന്നത്‌.

ഒരേ നമ്പറില്‍ ഒന്നില്‍ കൂടുതല്‍ ബൈക്കുണ്ടാകുമെന്നോ അതല്ലെങ്കില്‍ ക്യാമറയില്‍ പതിഞ്ഞ നമ്പര്‍ തെറ്റിയാതാകുമെന്നോ ഫൈസല്‍ കരുതുന്നു. ഇതു സംബന്ധിച്ച്‌ അധികൃതര്‍ക്കു പരാതി നല്‍കിയതായി ഫൈസല്‍ പറഞ്ഞു.

Leave a Reply