ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ അന്വേഷണ സംഘം ബിഹാറിലേക്ക്. പ്രതി അസഫാക്ക് ആലത്തിൻ്റെ പശ്ചാത്തലം അറിയുന്നതിനായാണ് അന്വേഷണസംഘം ബിഹാറിലേക്ക് പോവുക. അന്വേഷണ സംഘത്തിലെ മൂന്നുപേരാവും പോവുക. പ്രതിക്കെതിരെ കൊലപാതകം, പോക്സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആകെ 9 വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
അതേസമയം, കൊല്ലപ്പെട്ട കുഞ്ഞിൻ്റെ സംസ്കാരച്ചടങ്ങുകൾ അല്പസമയത്തിനകം നടക്കും. കുഞ്ഞിന് ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്. മൃതദേഹം തായിക്കാട്ടുകരയിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. തായിക്കാട്ടുകര എൽപി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരി പഠിച്ച ക്ലാസിലാണ് പൊതുദർശനം. കുഞ്ഞിനെ അവസാനമായി ഒരുനോക്ക് കാണാൻ പ്രദേശവാസികൾ ഒഴുകിയെത്തുകയാണ്. സഹപാഠികളും, സഹപാഠികളുടെ അമ്മമാരും, അധ്യാപകരുമടങ്ങുന്ന വലിയ സംഘം സ്‌കൂളിൽ നിലയുറപ്പിച്ചിട്ടുണ്ട്.