മാറനല്ലൂർ ആസിഡ് ആക്രമണക്കേസ്; പ്രതിയായ സിപിഐ നേതാവ് മധുരയിൽ തൂങ്ങിമരിച്ച നിലയിൽ: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

0


തിരുവനന്തപുരം: മാറനല്ലൂർ ആസിഡ് ആക്രമണക്കേസിലെ പ്രതിയായ സിപിഐ നേതാവിനെ മധുരയിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാറനല്ലൂർ സ്വദേശിയും കാട്ടാക്കട മണ്ഡലം സെക്രട്ടേറിയറ്റ് അംഗവുമായ സജികുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

മധുരയിലെ ലോഡ്ജ് ഉടമയാണ് സജികുമാറിനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്ന് ബന്ധുക്കളെ വിവരമറിയിച്ചത്. സംഭവം അറിഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം മധുരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സജികുമാർ സിപിഐ നേതാവായ എ.ആർ.സുധീർഖാനെ ആസിഡ് ഒഴിച്ച് പൊള്ളിച്ചത്.

രാവിലെ് വീട്ടിൽ ഉറങ്ങിക്കിടന്നപ്പോഴാണ് ആക്രമണം നടത്തിയത്. സിപിഐ മാറനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മാറനല്ലൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമാണ് പൊള്ളലേറ്റ മാറനല്ലൂർ ദിയാന ഹൗസിൽ എ.ആർ.സുധീർഖാൻ. ആദ്യം മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു പൊള്ളലേറ്റു എന്നാണു കരുതിയത്. പിന്നീടാണ് ആസിഡ് ആക്രമണമെന്ന് സ്ഥിരീകരിച്ചത്. രാവിലെ സുധീർഖാൻ കിടന്നിരുന്ന മുറിയിൽ മരിച്ച സജികുമാർ എത്തിയിരുന്നെന്ന് സുധീർഖാന്റെ ഭാര്യ പൊലീസിന് മൊഴി നൽകിയിരുന്നു.

Leave a Reply