വീട്ടിൽ നിന്നും കാണാതായ ലോട്ടറി വിൽപനക്കാരി കൊല്ലപ്പെട്ട നിലയിൽ

0

പാലാ: വീട്ടിൽ നിന്നും കാണാതായ ലോട്ടറി വിൽപനക്കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വലവൂർ നേര്യകുന്നേൽ പ്രീതിയെ (31) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുദിവസം മുൻപ് ഇവരെ വീട്ടിൽ നിന്നു ബൈക്കിൽ കൂട്ടിക്കൊണ്ടുപോയ ലോട്ടറി വിൽപനക്കാരൻ വലവൂർ വളയംപാറയിൽ വി.ജി.പ്രകാശിനെ (51) കഴിഞ്ഞ വ്യാഴാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

എന്നാൽ പ്രീതി എവിടെ എന്ന് കണ്ടെത്താൻ പൊലീസിനു സാധിച്ചിരുന്നില്ല. നാലു ദിവസമായി നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് വലവൂർ കൂവയ്ക്കമല ഭാഗത്ത് ട്രിപ്പിൾ ഐടിക്കു സമീപം സ്വകാര്യ പുരയിടത്തിൽ പ്രീതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. കഴുത്തിൽ ഷാൾചുറ്റി വരിഞ്ഞിരുന്നു. പ്രീതിയെ കൊലപ്പെടുത്തിയ ശേഷം കാമുകൻ പ്രകാശ് ജീവനൊടുക്കിയതായാണ് കരുതുന്നത്. അതേസയമം കൊലയിലേക്ക് നയിച്ചതിന്റെ കാരണം വ്യക്തമല്ല.

പ്രകാശും പ്രീതിയും തമ്മിൽ അഞ്ചു വർഷത്തോളമായി അടുപ്പത്തിലായിരുന്നു. അഞ്ചാം തീയതി വൈകിട്ട് ബൈക്കിലെത്തിയ പ്രകാശ്, പ്രീതിയെ വീട്ടിൽ നിന്നു കൂട്ടിക്കൊണ്ടുപോയതായി ഇവരുടെ മാതാവ് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. വിജനമായ സ്ഥലത്തെത്തിച്ച് യുവതിയെ കൊലപ്പെടുത്തിയശേഷം പ്രകാശ് ജീവനൊടുക്കിയതാണെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

ഭർത്താവ് ഉപേക്ഷിച്ചുപോയ പ്രീതി ഭാര്യയും 3 കുട്ടികളുമുള്ള പ്രകാശുമായി അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രീതിക്കു രണ്ടു മക്കളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here