കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസി‌‌ടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു

0

കൊല്ലം: കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസി‌‌ടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. ആലപ്പുഴ കാവാലം ചെറുകര ഇത്തിത്തറ സാബുവിന്റെ മകൾ എസ്. ശ്രുതി (25), കോഴിക്കോട് നന്മണ്ട ചീക്കിലോട് മേലേപിലാത്തോട്ടത്തിൽ അബ്ദുൽ ജമാലിന്റെ മകൻ പി.എം. മുഹമ്മദ് നിഹാൽ (25) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ 4.30ഓടെയാണ് അപകടം. കൊല്ലം ബൈപാസ് തുടങ്ങുന്ന കാവനാട് ആൽത്തറമൂട് ജങ്ഷനിലാണ് അപകടം. കൊല്ലം ഭാഗത്തു നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ഇവരുടെ ബൈക്കിൽ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.

ഉടൻ തന്നെ അപകടത്തിൽപെട്ടവരെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മുഹമ്മദ് നിഹാലിനെ രക്ഷിക്കാനായില്ല. പിന്നാലെ ശ്രുതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി നിലഗുരുതരമായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. എറണാകുളം അക്വാറൻറ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിൽ മറൈൻ എൻജിനീയറാണ് നിഹാൽ. കമ്പനിയുടെ ആവശ്യത്തിനു തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ദേശീയപാത വികസനത്തിന്റെ ഭാഗമായി കാവനാട് ബൈപാസ് തുടങ്ങുന്ന ആൽത്തറമൂട് ജങ്ഷനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, കെ.എസ്.ആർ.ടി.സി ബസ് ഇത് പാലിക്കാതെ വൺവേയിൽക്കൂടി വന്നതാണ് അപകട കാരണമായത്.

Leave a Reply