ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിക്ക് ഇന്ന് 51 വയസ്.

0

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിക്ക് ഇന്ന് 51 വയസ്. 1972 ജൂലൈ എട്ടിന് കൊല്‍ക്കത്തയിലാണ് സൗരവ് ചന്ദിദാസ് ഗാംഗുലിയുടെ ജനനം. ചന്ദിദാസിന്റെയും നിരുപ ഗാംഗുലിയുടെയും ഇളയ മകന്‍. വന്‍കിട പ്രിന്റിങ് പ്രസ് നടത്തിയിരുന്ന ആളാണ് ചന്ദിദാസ് ഗാംഗുലി. മികച്ച സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബം, രാജകീയ സമാനമായ ബാല്യത്തിലൂടെയാണ് ഗാഗുലി ക്രിക്കറ്റിൻ്റെ ലോകത്തേക്ക് കടന്നുവന്നത്.

കുട്ടിക്കാലത്ത് ഫുട്‌ബോള്‍ ആയിരുന്നു ഗാംഗുലിയുടെ ഇഷ്ടവിനോദം. അമ്മയുടെ പിന്തുണ ലഭിക്കാതെ വന്നതോടെ വലംകയ്യന്‍ ബാറ്ററായി. സഹോദരന്‍ സ്‌നേഹാഷിഷ് ഗാംഗുലിയെ അനുകരിച്ച് ബാറ്റിങ് ഇടം കൈയ്യാക്കി. അപ്പോഴും ബൗളിങ്ങ് വലതുകൈ കൊണ്ടായിരുന്നു. സഹോദരങ്ങള്‍ക്ക് ക്രിക്കറ്റ് പഠിച്ചുവളരാന്‍ വീട്ടില്‍ മള്‍ട്ടി ജിം, കൃത്രിമ പിച്ച് ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. 1989-90 സീസണില്‍ രഞ്ജി ട്രോഫി ബംഗാള്‍ ടീമില്‍ ഇടം പിടിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ദേശീയ ടീമില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് റണ്‍സിന് പുറത്ത്. വൈകാതെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായി. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തോട് സെലക്ടര്‍മാര്‍ നിരന്തരം മുഖം തിരിച്ചു. ഗാംഗുലിയുടെ പ്രതിഭയെക്കാള്‍ ചര്‍ച്ചയായത് മെരുങ്ങാത്ത സ്വഭാവമായിരുന്നു. സഹതാരങ്ങള്‍ക്ക് വെള്ളം കൊടുക്കാന്‍ ഗാംഗുലി മടിച്ചത് ഒരു തുടക്കക്കാരനെ സംബന്ധിച്ച് അച്ചടക്കമില്ലായ്മയായി വിലയിരുത്തപ്പെട്ടു. ഗാംഗുലി മഹാരാജാവിനെപ്പോലെ പെരുമാറുന്നുവെന്നും ആരോപണം. രാജപാരമ്പര്യമുള്ള ഗാംഗുലിയുടെ കുടുംബ പശ്ചാത്തലം ആ ആരോപണത്തിന് എരിവ് പകര്‍ന്നു.

സൗരവ് ഗാംഗുലിയുടെ ബാറ്റില്‍ നിന്ന് ചരിത്രം പിറന്ന ദിവസമായിരുന്നു 1999 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരം. 96 ലോകകപ്പിലെ തോല്‍വിക്ക് പകരം ചോദിക്കുന്ന പ്രകടനം. രണ്ടാം വിക്കറ്റില്‍ ഗാംഗുലിയും ദ്രാവിഡും ചേര്‍ത്തത് 318 റണ്‍സിന്റെ കൂട്ടുകെട്ട്. 183 റണ്‍സ് നേടി സൗരവ് ഗാംഗുലി. 145 റണ്‍സെടുത്ത് രാഹുല്‍ ദ്രാവിഡ്. ചാമിന്ദ വാസും മുത്തയ്യ മുരളീധരനും പല തവണ നിലം തൊടാതെ അതിര്‍ത്തി കടന്നു. ഇന്ത്യയ്ക്ക് ഒരിക്കലും മറക്കാനാകാത്ത മത്സരമായി അത്.

2000 മാണ്ടിന് തുടക്കം. താരങ്ങളുടെ ആഡംബര ജീവിതവും ക്രിക്കറ്റിലെ പണക്കൊഴുപ്പും ചര്‍ച്ചയായി. കൊച്ചിയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന മത്സരം. നാടകീയത അവസാനം വരെ നീണ്ടു. മത്സരത്തിലെ സംഭവങ്ങള്‍ പലതും മുന്‍കൂട്ടി എഴുതിയ തിരക്കഥയെന്ന് ആരോപിക്കപ്പെട്ടു. അന്നത്തെ ഇന്ത്യയുടെ സൂപ്പര്‍താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീനും അജയ് ജഡേജയും അന്വേഷണ വിധേയമായി ടീമില്‍ നിന്ന് പുറത്തായി. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ത്യയുടെ നായകസ്ഥാനത്ത് എത്തി. സച്ചിന്റെയും ഇന്ത്യയുടെയും പ്രകടനം മോശമായി. അവിടെ നിന്നാണ് സൗരവ് ഗാംഗുലിയെന്ന ഇന്ത്യന്‍ നായകന്റെ ഉയര്‍ച്ചയുടെ തുടക്കം. വിരേന്ദര്‍ സേവാഗിനെ ഓപ്പണറാക്കിയും രാഹുല്‍ ദ്രാവിഡിനെ വിക്കറ്റ് കീപ്പറാക്കിയും പരീക്ഷണം. അനില്‍ കുംബ്ലെയ്‌ക്കൊപ്പം ഇന്ത്യന്‍ സ്പിന്‍ നിരയിലേക്ക് ഹര്‍ഭജന്‍ സിംഗിന്റെ വരവ്. സഹീര്‍ ഖാനും അജിത്ത് അഗാര്‍ക്കറും ഇര്‍ഫാന്‍ പഠാനും ആശിഷ് നെഹ്‌റയുമെല്ലാം അടങ്ങുന്ന പേസ് നിര. അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ നിന്ന് മുഹമ്മദ് കൈഫും യുവരാജ് സിംഗും. എല്ലാത്തിനും ഉപരിയായി സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറും. അഗ്രസീവ് ക്യാപ്റ്റന്‍സിയിലൂടെ ടീം ഇന്ത്യയുടെ മനോധൈര്യവും ആത്മവിശ്വാസവും ഉയര്‍ത്തി ആരെയും വെല്ലുവിളിക്കാന്‍ ശേഷിയുള്ള ക്രിക്കറ്റ് ശക്തതിയായി ഇന്ത്യന്‍ ടീമിനെ മാറ്റിയ കാലയളവായിരുന്നു ഗാംഗുലിയുടെ നായകകാലഘട്ടം.

Leave a Reply