മധ്യപ്രദേശിലെ സീധിയില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി നേതാവിനെ വിമര്‍ശിച്ച് ട്വീറ്റിട്ട ഭോജ്പുരി ഗായിക നേഹ സിങ് റാത്തോഡിനെതിരെ കേസെടുത്ത് പൊലീസ്. ആര്‍.എസ്.എസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ഭോപ്പാല്‍ പൊലീസ് നേഹയ്‌ക്കെതിരെ കേസെടുത്തത്.
ആര്‍.എസ്.എസ്. നേതാക്കളെ സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി സൂരജ് എന്നയാളാണ് പരാതി നല്‍കിയത്. ആര്‍.എസ്.എസിന്റെ ഔദ്യോഗിക വേഷം ധരിച്ചയാള്‍ മുന്നിലിരിക്കുന്നയാളുടെ മുഖത്ത് മൂത്രമൊഴിക്കുന്ന ചിത്രമാണ് നേഹ പങ്കുവെച്ചത്. ഇന്ത്യന്‍ ശിക്ഷ നിയമം 153 -ാം വകുപ്പനുസരിച്ച് നേഹയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.