ഒരു വർഷം നീണ്ട തൊണ്ടിമുതൽ തർക്കം ഇനി തീരണമെങ്കിൽ കുറത്തികാട് പൊലീസ് റെയിൽവേയ്ക്കു നൽകേണ്ടത് ഒരു ലക്ഷത്തോളം രൂപ. ട്രെയിനിൽ എത്തിച്ച തൊണ്ടിമുതലായ സ്കൂട്ടർ ഒരു വർഷം മുൻപായിരുന്നെങ്കിൽ 1,502 രൂപ അടച്ചാൽ വിട്ടുകിട്ടിയേനെ.
കുറത്തികാട് പൊലീസ് സ്റ്റേഷനിലെ കേസിലെ (ക്രൈം നമ്പർ 281/ 2022) തൊണ്ടിമുതലായ സ്കൂട്ടറാണ് (കെഎൽ 29-എൽ-2521) കായംകുളം റെയിൽവേ സ്റ്റേഷനിൽ 2022 ജൂൺ 30 മുതൽ സൂക്ഷിക്കുന്നത്. കുറത്തികാട്ട് വീട്ടിൽ മോഷണം നടത്തിയ കേസിലെ ഒരു പ്രതി ഉപയോഗിച്ച സ്കൂട്ടർ പാലക്കാട് ലക്കിടിയിലെ വാടകവീട്ടിൽ നിന്നാണു പൊലീസ് കണ്ടെത്തിയത്.
ഷൊർണൂരിൽ നിന്നാണു സ്കൂട്ടർ കായംകുളം റെയിൽവേ സ്റ്റേഷനിലേക്കു കുറത്തികാട് പൊലീസ് അയച്ചത്. അടുത്ത ദിവസം തന്നെ ഇതു കായംകുളം പാഴ്സൽ ഓഫിസിലെത്തി. പക്ഷേ, കൈപ്പറ്റാൻ യഥാസമയം ആരുമെത്തിയില്ല. ബന്ധപ്പെടേണ്ടയാളുടെ ഫോൺ നമ്പർ പാഴ്സലിൽ ഉണ്ടായിരുന്നില്ല. 6 ദിവസം കഴിഞ്ഞു റെയിൽവേ അധികൃതർ കുറത്തികാട് പൊലീസിന്റെ ഫോൺ നമ്പർ കണ്ടെത്തി വിവരം അറിയിച്ചു. ഇരുചക്രവാഹനങ്ങൾ പാഴ്സലായി അയച്ചാൽ 6 മണിക്കൂർ വരെ റെയിൽവേ പണം (വാർഫേജ്) ഈടാക്കാറില്ല. 6 മണിക്കൂർ കഴിഞ്ഞാൽ ഓരോ മണിക്കൂറിനും 10 രൂപയും ജിഎസ്ടിയും അടയ്ക്കണമെന്നാണു നിയമം.
കുറത്തികാട് പൊലീസ് ജൂലൈ ഏഴിനാണു തൊണ്ടിമുതൽ എടുക്കാൻ എത്തിയത്. 1,502 രൂപ അടയ്ക്കാൻ റെയിൽവേ ആവശ്യപ്പെട്ടു. പിഴ അടയ്ക്കാൻ കഴിയില്ലെന്നു പൊലീസ് അറിയിച്ചു. റെയിൽവേ പാഴ്സൽ വിട്ടു നൽകിയതുമില്ല. ഇതോടെ പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കുറത്തികാട് പൊലീസ് മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകി. നിയമ പ്രകാരം ഇളവു നൽകാൻ സാധിക്കില്ലെന്ന റയിൽവേയുടെ അഭിഭാഷകൻ അഡ്വ. അനിൽ വിളയിലിന്റെ വാദം അംഗീകരിച്ച് കോടതി പൊലീസിന്റെ ഹർജി തള്ളി. അപ്പോഴേക്കും അടയ്ക്കേണ്ടത് 7,500 രൂപയായി ഉയർന്നു.
പിന്നാലെ പൊലീസ് ആലപ്പുഴ ജില്ലാ കോടതിയെ സമീപിച്ചു. ജില്ലാ കോടതിയും കഴിഞ്ഞദിവസം പൊലീസിന്റെ ആവശ്യം തള്ളിയതോടെ 1,502 രൂപ നൽകി കൈപ്പറ്റേണ്ട സ്കൂട്ടറിന് ഒരു ലക്ഷത്തോളം രൂപ നൽകേണ്ട സ്ഥിതിയായി. നിയമ പോരാട്ടം തുടരാനുള്ള ഒരുക്കത്തിലാണു പൊലീസ്. ഈ സ്കൂട്ടറിന് 10,000 രൂപയാണ് മതിപ്പുവിലയായി പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്