ആലുവയിൽ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുപ്പിനായി പ്രതിയായ അസ്ഫാക്കിനെ പൊലീസ് എത്തിച്ചു. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പ്രതിയുമായി തിരികെ പോയി. ‘‘അവനെ വിട്ടുകൊടുക്കരുത് അവന്റെ കയ്യും കാലും തല്ലിയൊടിക്കണം’’ ‘അവനെ ഇറക്കിയാൽ ഞങ്ങൾ ഈ പെരിയാറിൽ മുക്കി കൊല്ലും എന്നിങ്ങനെ അസ്ഫാക്കിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ നാട്ടുകാർ പറഞ്ഞു.
മൃതദേഹം കണ്ടെത്തിയ മാലിന്യ കൂമ്പാരത്തിനടത്ത് പ്രതിയെ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പിനു ശ്രമിച്ചത്. ശക്തമായ ജനരോഷം കണക്കിലെടുത്ത് പൂർണമായി തെളിവെടുപ്പ് നടത്താനാകാതെ പ്രതിയെയും കൊണ്ട് പൊലീസ് തിരികെ മടങ്ങി.
ഫൊറൻസിക് വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. കുട്ടിയുമായി മാർക്കറ്റിന്റെ പരിസരത്തേക്ക് പോകുന്ന പ്രതിയെ കണ്ടതായി താജുദ്ദീൻ എന്ന തൊഴിലാളി രാവിലെ പൊലീസിനെ വിവരമറിയിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.