പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധി; യു.ജി.സി. സമർപ്പിച്ച ഹർജി ഇന്ന് സുപ്രിം കോടതിയിൽ

0

പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരേ യു.ജി.സി. സമർപ്പിച്ച ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജെ.കെ മഹേശ്വരി അധ്യക്ഷനായബെഞ്ച് 32 ആം ഇനമായാണ് കേസ് കേൾക്കുക. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധി അടിയന്തിരമായ് സ്റ്റേ ചെയ്യണമെന്ന് യു.ജി.സി കോടതിയിൽ ആവശ്യപ്പെടും.

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യു.ജി.സി.യുടെ 2018-ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം പ്രിയ വര്‍ഗീസിന് ഇല്ലെന്നാണ് യു.ജി.സി. വാദം. കേരള ഹൈക്കോടതി ഈ വാദം അംഗികരിച്ചില്ല. കേരളാ ഹൈക്കോടതി നടപടി 2018-ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാകുമെന്നാണ് യു.ജി.സി. യുടെ ആക്ഷേപം. 2018-ലെ റെഗുലേഷനില്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയമില്ലാത്ത ചില ഉദ്യോഗാര്‍ഥികളും കേരള ഹൈക്കോടതി പ്രിയ വര്‍ഗീസിന് അനുകൂലമായി വിധിച്ച ഉത്തരവ് ചൂണ്ടിക്കാട്ടി അസോസിയേറ്റ് പ്രൊഫസറാകാന്‍ നിയമ നടപടി ആരംഭിച്ചിട്ടുണ്ടെന്നും യു.ജി.സി. സുപ്രിം കോടതിയെ അറിയിക്കും.

ഹൈക്കോടതി വിധിക്കെതിരേ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് തന്റെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് പ്രിയ വര്‍ഗീസ് സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യു.ജി.സി.യുടെ 2018-ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം എട്ടുവര്‍ഷമാണ്. എയ്ഡഡ് കോളേജില്‍ ജോലിയില്‍ പ്രവേശിച്ചശേഷം പ്രിയ വര്‍ഗീസ് എഫ്.ഡി.പി (ഫാക്കല്‍റ്റി ഡവലപ്മെന്റ് പ്രോഗ്രാം) പ്രകാരം ഡെപ്യൂട്ടേഷനില്‍ ആണ് മൂന്നുവര്‍ഷത്തെ പിഎച്ച്.ഡി. ഗവേഷണം നടത്തിത്. ഈ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്‌സ് ഡീന്‍ (ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വീസസ്) ആയി രണ്ടുവര്‍ഷം ഡെപ്യൂട്ടേഷനില്‍ ജോലിചെയ്ത കാലയളവും ചേര്‍ത്താണ് പ്രിയ അധ്യാപനപരിചയം കാണിച്ചിരിക്കുന്നത്. ഗവേഷണ കാലവും സ്റ്റുഡന്റ്‌സ് ഡീന്‍ ആയി പ്രവര്‍ത്തിച്ച കാലവും അടക്കം അഞ്ചുവര്‍ഷത്തോളമുള്ള കാലം അധ്യാപന കാലമായി പരിഗണിക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് യു.ജി.സി.യുടെ വാദം. വിഷയത്തിലെ പരാതിക്കാരനും രണ്ടാം റാങ്കുകാരനായ ഡോ. ജോസഫ് സ്കറിയ നല്കിയ ഹർജ്ജിയും സുപിം കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply