മുംബൈ: അവസാനക്കാരായി ഡച്ചുപടയും യോഗ്യത നേടിയ ക്രിക്കറ്റ് ലോകകപ്പിൽ മാറ്റുരക്കാൻ 10 ടീമുകളായി. ആതിഥേയരായ ഇന്ത്യ, ആസ്ട്രേലിയ, ബംഗ്ലാദേശ്, പാകിസ്താൻ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, അഫ്ഗാനിസ്താൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതർലൻഡ്സ് എന്നിവയാണ് ടീമുകൾ.
നിർണായക പോരാട്ടത്തിൽ സ്കോട്ലൻഡിനെ വീഴ്ത്തിയാണ് നെതർലൻഡ്സ് ഏകദിന ലോകമാമാങ്കത്തിന് ടിക്കറ്റ് ഉറപ്പാക്കിയത്. ആദ്യമായി ഇന്ത്യ ഒറ്റക്ക് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ചിത്രം വ്യക്തമായതോടെ ഇനി വീറുറ്റ പോരാട്ടങ്ങളുടെ നാളുകൾക്കായി ആഴ്ചകളുടെ കാത്തിരിപ്പ്.
അഞ്ചു മുൻ ചാമ്പ്യന്മാർ മാറ്റുരക്കുന്ന ടൂർണമെന്റിൽ ഇത്തവണ യോഗ്യത നേടാനാകാതെ പുറത്തായ ഏക മുൻ ജേതാക്കൾ കരീബിയൻ പട മാത്രം. ചരിത്രത്തിലാദ്യമായാണ് മുൻ ചാമ്പ്യന്മാരിലൊരാൾ കാഴ്ചക്കാർ മാത്രമാകുന്നത്. പതിറ്റാണ്ടുകൾ മുമ്പെങ്കിലും ലോകകപ്പിൽ ആദ്യ രണ്ട് കിരീടങ്ങളും സ്വന്തമാക്കിയവരാണ് വെസ്റ്റിൻഡീസ്. ഇത്തവണ പക്ഷേ, തുടക്കം നിറംമങ്ങിയ ടീമിന് നേരത്തെ പുറത്തേക്ക് വഴി തുറക്കുകയായിരുന്നു .ടൂർണമെന്റിനെത്തുന്ന 10 ടീമുകളിൽ ഒമ്പതും ടെസ്റ്റ് പദവിയുള്ള ടീമുകളാണ്. അവസാനക്കാരായി കയറിക്കൂടിയ നെതർലൻഡ്സ് മാത്രമാണ് അപവാദം. ടീമുകളിൽ അഫ്ഗാനിസ്താനാണ് ഏറ്റവുമൊടുവിൽ ടെസ്റ്റ് പദവി ലഭിച്ചവർ. അതിനു മുമ്പ് ബംഗ്ലാദേശും.
ഇംഗ്ലണ്ട് ചാമ്പ്യന്മാരായി യോഗ്യത നേടിയപ്പോൾ ആതിഥേയരെന്ന നിലക്കാണ് ഇന്ത്യൻ യോഗ്യത. അഞ്ചു വട്ടം കപ്പുയർത്തിയ കംഗാരുക്കൾ ആറാം കിരീടം തേടിയാണ് എത്തുന്നത്. ദക്ഷിണാഫ്രിക്കയാകട്ടെ, സെമി വരെയെത്തി മടങ്ങുകയെന്ന നിർഭാഗ്യം മറികടക്കാമെന്നു മോഹിക്കുന്നു. എല്ലാ ലോകകപ്പും കളിച്ച് ഒരിക്കൽ പോലും കിരീടം തൊട്ടില്ലെന്ന അപൂർവ റെക്കോഡുകാരാണ് കിവികൾ.
കഴിഞ്ഞ ദിവസം സ്കോട്ലൻഡുമായി ആവേശപ്പോരിനിറങ്ങിയ നെതർലൻഡ്സ് 278 റൺസ് 44 ഓവറിൽ മറികടക്കണമെന്ന ലക്ഷ്യത്തിലേക്ക് മനോഹരമായി ബാറ്റു വീശി ജയവും ലോകകപ്പ് യോഗ്യതയും സ്വന്തമാക്കുകയായിരുന്നു. ബാസ് ലെ ലീഡ് ആയിരുന്നു അഞ്ചു വിക്കറ്റും ബാറ്റുകൊണ്ട് സെഞ്ച്വറിയും കുറിച്ച് ടീമിന്റെ രക്ഷകനായത്.
ഇന്ത്യ
1983ൽ കപിലിന്റെ ചെകുത്താന്മാർ കിരീടം ചൂടിയ ശേഷം സ്വന്തം മണ്ണിൽ കപ്പുയർത്തുന്ന ആദ്യ ടീമായി 2011ൽ മഹേന്ദ്ര സിങ് ധോണിക്കു കീഴിലും കിരീടം. 2003ൽ റണ്ണേഴ്സ് അപ്പ്. 1987, 1996, 2015, 2019 വർഷങ്ങളിൽ സെമി ഫൈനലിസ്റ്റുകൾ. ഐ.സി.സി കിരീടങ്ങൾ ഏറെയായി അകന്നുനിൽക്കുന്നുവെന്ന ശാപം മറികടക്കാനാണ് ഇത്തവണ ആതിഥേയർ ഇറങ്ങുന്നത്.
ശ്രീലങ്ക
1996ൽ അർജുന രണതുംഗക്കു കീഴിൽ ലോകകപ്പ് മാറോടു ചേർത്ത ടീം രണ്ടു തവണ കൂടി കലാശപ്പോരിനെത്തിയിട്ടുണ്ട്. 2007, 2011 വർഷങ്ങളിലായിരുന്നു ടീം ഫൈനലിലെത്തിയത്. 2003ൽ സെമി കളിച്ച ദ്വീപുകാർ 2015ൽ ക്വാർട്ടറിലും മടങ്ങി.
നെതർലൻഡ്
1996ൽ ആദ്യ ലോകകപ്പ് കളിച്ച ഡച്ചുകാർ ആദ്യമായി ഒരു ലോകകപ്പിൽ ജയം കുറിക്കുന്നത് 2003ൽ നമീബിയക്കെതിരെ. ഇന്ത്യയിൽ നടന്ന 2011ലെ ടൂർണമെന്റിലാണ് മുമ്പ് ഡച്ചുകാർ അവസാനമായി പങ്കെടുത്തത്. ഇത്തവണ ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ശ്രീലങ്ക തുടങ്ങിയ ടീമുകളെ കടന്ന് നോക്കൗട്ട് കാണാമെന്ന് ടീം സ്വപ്നം കാണുന്നു. അതിന് മുമ്പ് യോഗ്യത ടൂർണമെന്റിൽ ശ്രീലങ്കക്കെതിരെ ഒരു മത്സരം കൂടി ടീമിന് ബാക്കിയുണ്ട്.
ബംഗ്ലാദേശ്
മനോഹരമായി കളി നയിക്കുമ്പോഴും ഇത്തിരിക്കുഞ്ഞൻ ലേബൽ മാറാത്ത സംഘം ഒരു തവണ ക്വാർട്ടറിലെത്തിയതാണ് വലിയ നേട്ടം- 2015ൽ. 1999ലാണ് ആദ്യ ലോകകപ്പ്. പിന്നീട് അഞ്ചു വട്ടം കൂടി കളിച്ചിട്ടുണ്ട്. 1997ൽ യോഗ്യത പോരാട്ടങ്ങളിൽ ചാമ്പ്യന്മാരായതാണ് എടുത്തുപറയത്തക്ക നേട്ടം.
ആസ്ട്രേലിയ
ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ടീം. 1987, 1999, 2003, 2007, 2015 വർഷങ്ങളിലെ ജേതാക്കൾ. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ജയം നേടിയ ടീം. ലോകകപ്പിൽ ഏറ്റവും ഉയർന്ന ടോട്ടൽ, തുടർച്ചയായ വിജയങ്ങളുടെ റെക്കോഡ്, ലോകകപ്പ് ഫൈനൽ ഏറ്റവും കൂടുതൽ കളിച്ചവർ എന്നിങ്ങനെ റെക്കോഡുകളും ടീമിന് സ്വന്തം.
ദക്ഷിണാഫ്രിക
ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിൽ വരെ ഏത് ടീമും കൊതിച്ചുപോകുന്ന ലൈനപ്പുണ്ടായിട്ടും വലിയ നേട്ടങ്ങൾക്ക് മുന്നിൽ മുട്ടിടിക്കുന്നതാണ് ടീമിന്റെ ചരിത്രം. 1992ൽ ആദ്യ ലോകകപ്പിനിറങ്ങിയ ശേഷം നാലു തവണ സെമി വരെയെത്തി നിർഭാഗ്യത്തിന് മുന്നിൽ തോറ്റു മടങ്ങിയവർ.
ഇംഗ്ലണ്ട്
ഇതുവരെയും നടന്ന എല്ലാ ലോകകപ്പുകളിലും കളിച്ച ടീം 2019ൽ കിരീടമുയർത്തി. 1979, 1987, 1992 വർഷങ്ങളിലെ ഫൈനലിസ്റ്റുകൾ. എന്നാൽ, നാലു തവണ ഗ്രൂപ് ഘട്ടത്തിൽ പുറത്തായെന്ന നാണക്കേടും ടീമിന് സ്വന്തം.
ന്യൂസിലാൻഡ്
മിടുക്കരുടെ വലിയ നിരയെ ചൂണ്ടിക്കാട്ടാനുണ്ടായിട്ടും അവസാന മുത്തത്തിനരികെ വീണുപോയതാണ് കിവികളുടെയും ചരിത്രം. 1975, 1979, 1999, 2007 വർഷങ്ങളിൽ ടീം സെമി കളിച്ചിട്ടുണ്ട്. 2015, 2019 വർഷങ്ങളിൽ ഫൈനലും. കിരീടം പക്ഷേ ടീമിനെ ഒഴിഞ്ഞുനിന്നു.
പാകിസ്താൻ
പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇംറാൻ ഖാനു കീഴിൽ 1992ൽ ലോകകിരീടം ചൂടിയ ടീം 1999ലും ഫൈനൽ കളിച്ചിട്ടുണ്ട്. കപ്പുയർത്തിയത് ഇംഗ്ലണ്ടിനെ വീഴ്ത്തിയായിരുന്നെങ്കിൽ എതിരാളികൾ ഓസീസ് ആയപ്പോൾ തോൽവിയറിഞ്ഞു. 1979,1983, 1987, 2011 വർഷങ്ങളിൽ സെമി കളിച്ചിട്ടുണ്ട്.
അഫ്ഗാനിസ്താൻ
വളരെ വൈകി ലോകകപ്പിലെത്തിയ അഫ്ഗാനിസ്താൻ 2015ലെ ലോകകപ്പിൽ സ്കോട്ലൻഡിനെ ഒരു വിക്കറ്റിന് വീഴ്ത്തി ആദ്യ ജയം കുറിച്ചു. തൊട്ടടുത്ത വർഷം ട്വൻറി20 ലോകകപ്പിലും കളിച്ചു. ഇത്തവണ ഏറ്റവും കരുത്തരുടെ നിരയുമായി വലിയ ഉയരങ്ങൾ പിടിക്കാനാകുമെന്ന് ടീം സ്വപ്നം കാണുന്നു.