ആലപ്പുഴ: വെള്ളപ്പൊക്കം രൂക്ഷമായ ആലപ്പുഴയിൽ കൂടുതൽ ക്യാമ്പുകൾ തുറക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടർ ഹരിത വി കുമാർ. നദികളിലെ ജലനിരപ്പ് ഉയർന്ന് നിൽക്കുന്നത് കൂടുതൽ മേഖലകളിൽ ബുദ്ധിമുട്ടുകൾക്കിടയാക്കും. ആശങ്കകളില്ലെങ്കിലും ജാഗ്രതയോടെയാണ് ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. തീരദേശ മേഖലകളിൽ ജിയോ ബാഗുകൾ സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായും ജില്ലാ കളക്ടർ പറഞ്ഞു.
ജില്ലയിൽ കാലവർഷക്കെടുതികളെ തുടർന്ന് ജനങ്ങളുടെ ദുരിതം തുടരുകയാണ്. കുട്ടനാട്, ചെങ്ങന്നൂർ മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമായി തന്നെ തുടരുന്നു. ജില്ലയിൽ 58 ക്യാമ്പുകളാണുള്ളത്. 1097 കുടുംബങ്ങളില്‍ നിന്നായി 3730 പേരാണ് ക്യാമ്പുകളിലുള്ളത്.