കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ മാതാപിതാക്കളെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് മന്ത്രി എത്തിയത്. തായിക്കാട്ടുകര ഗാരിജിനു സമീപത്തെ കുട്ടിയുടെ താമസ സ്ഥലത്തെത്തിയ മന്ത്രി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.
പ്രതിയ്ക്ക് പരമാവധി ശിക്ഷ ലഭിക്കത്തക്കവിധമുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളും അതാണാവശ്യപ്പെട്ടത്. പഴുതുകളടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. അത്യന്തം ദു:ഖകരമായ സംഭവമാണ്. പോക്സോ ഇരകളുടെ അമ്മമാര്‍ക്കുള്ള ആശ്വാസനിധി ഉടന്‍ അനുവദിക്കും. ബാക്കി കാര്യങ്ങള്‍ പിന്നീട് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ്, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.