മൂവാറ്റുപുഴ നഗരസഭാ വയോജന കേന്ദ്രത്തിൽ അഞ്ചുപേർ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. മൂവാറ്റുപുഴ പൊലീസാണ് കേസെടുത്തത്. സ്ഥാപനനടത്തിപ്പുകാരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അന്തേവാസികളുടെ മൊഴി രേഖപ്പെടുത്തുന്ന നടപടികൾ ആരംഭിച്ചു.
കഴിഞ്ഞദിവസം മരിച്ച കമലം, ഏലിയാമ സ്കറിയ എന്നിവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടുത്തദിവസം പോലീസിന് ലഭിക്കും. ഇതിനുശേഷമാകും കൂടുതൽ നടപടികളിലേക്ക് കടക്കുക. തുടർച്ചയായുണ്ടായ മരണങ്ങളിൽ അസ്വഭാവികത ഉണ്ടെന്നാണ് ആരോപണം.
മൂവാറ്റുപുഴ നഗരസഭ വയോജന കേന്ദ്രത്തിൽ 14 ദിവസത്തിനിടെയാണ് ദുരൂഹസാഹചര്യത്തിലുള്ള 5 മരണങ്ങൾ. കഴിഞ്ഞ ദിവസം 2 പേർ മരിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഇത്രയും മരണങ്ങൾ നടന്നിട്ടും കഴിഞ്ഞദിവസം മരണം ഉണ്ടായപ്പോഴാണ് സംഭവം പുറത്ത് വന്നതിൽ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.