ആറന്മുള ∙ മൂന്നാംക്ലാസ് വിദ്യാർഥിനിയുടെ കൈകളിൽ ചൂരൽ ഉപയോഗിച്ച് ക്രൂരമായി അടിച്ചു പരുക്കേൽപിച്ചെന്ന കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. ഇടയാറന്മുള എരുമക്കാട് കെഡിഎം ഗവ. എൽപി സ്കൂൾ അധ്യാപകൻ മെഴുവേലി ആലക്കോട് ബിനോജ് കുമാറാണ് (45) അറസ്റ്റിലായത്. സംഭവത്തിൽ അധ്യാപകനെ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശപ്രകാരം സസ്പെൻഡ് ചെയ്തു.
ക്ലാസിൽ പഠിപ്പിച്ച കണക്ക് നോട്ട്ബുക്കിൽ എഴുതാത്തതിന് ചൂരൽ കൊണ്ട് ഒട്ടേറെത്തവണ കുട്ടിയുടെ കയ്യിൽ അടിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടിയെ തറയിലിരുത്തുകയും വീണ്ടും എഴുതാൻ ആവശ്യപ്പെടുകയും ചെയ്തെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ ഇരുകൈകളിലും കൈത്തണ്ടയിലും ഇടതുകൈപ്പത്തിക്ക് പുറത്തും ഒൻപതിടത്തായി അടിയേറ്റ് ചുവന്ന പാടുകളുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. കുട്ടി വൈകിട്ട് വീട്ടിലെത്തി വിവരം പറഞ്ഞു. തുടർന്നു കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വീട്ടുകാരുടെ പരാതിയിൽ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് റജിസ്റ്റർ ചെയ്തത്. . അധ്യാപകന് ഉപാധികളോടെ ജാമ്യം നൽകി. ഇന്ന് കോടതിയിൽ ഹാജരാകണം.
‘കണ്ടോ അമ്മൂമ്മേ എന്റെ കൈ, സാർ തല്ലിയതാ’
കുട്ടിയുടെ അമ്മ ഹോംനഴ്സായി ചെങ്ങന്നൂരിലാണ് ജോലി ചെയ്യുന്നത്. അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമാണ് കുട്ടിയുടെ താമസം. സ്കൂൾ വിട്ട് വീട്ടിൽ വന്നപ്പോൾ അമ്മൂമ്മയോടാണ് ചൂരൽ കൊണ്ട് അടിയേറ്റതിനെക്കുറിച്ച് കുട്ടി ആദ്യം വിവരം പറയുന്നത്. ‘കണ്ടോ അമ്മൂമ്മേ എന്റെ കൈ, സാർ തല്ലിയതാ’ എന്ന് പറഞ്ഞാണെത്തിയത്. ഇരുകൈകളിലായുള്ള തിണർപ്പുകൾ കണ്ട് ഭയന്ന വീട്ടുകാർ കുട്ടിയുമായി ജില്ലാ ആശുപത്രിയിലേക്കെത്തി. ആശുപത്രി അധികൃതരുടെ നിർദേശപ്രകാരമാണ് ആറന്മുള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതെന്ന് കുട്ടിയുടെ ബന്ധു പറഞ്ഞു. അധ്യാപകനെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. തല്ലിയ അധ്യാപകനോടുള്ള ഭയം കാരണം ഈ സ്കൂളിൽ ഇനി പഠിക്കാൻ പോകുന്നില്ലെന്നാണ് കുട്ടി ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. ടിസി നൽകണമെന്ന് ബന്ധുക്കൾ സ്കൂൾ അധികൃതരെ അറിയിച്ചിട്ടുണ്ട്.