ചക്രവാതച്ചുഴിയും ന്യൂനമർദവും; വരും മണിക്കൂറിൽ എല്ലാ ജില്ലയിലും മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. വരും മണിക്കൂറിൽ എല്ലാ ജില്ലയിലും മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അല‌ർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മൺസൂൺ പാത്തി (Monsoon Trough) അതിന്റെ സാധാരണ സ്ഥാനത്തത് നിന്ന് തെക്കോട്ടു മാറി സ്ഥിതി ചെയ്യുകയാണ്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ പാത്തി (Off -Shore trough) നിലനിൽക്കുന്നുണ്ട്. ചക്രവാതച്ചുഴി നിലവിൽ ജാർഖണ്ഡിന് മുകളിൽ നിലനിൽക്കുകയാണ്.

വടക്കു കിഴക്കൻ അറബിക്കടലിൽ ഗുജറാത്ത്‌ തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. കേരളത്തിൽ ഇന്ന് (08 ജൂലൈ 2023) വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും (Heavy Rainfall) സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാ​ഗം അറിയിച്ചു. തുടർന്ന് മഴയുടെ തീവ്രത കുറയാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
08-07-2023 നു കേരള ലക്ഷദ്വീപ് പ്രദേശത്തും 08-07-2023 മുതൽ 09-07-2023 വരെ കർണാടക തീരത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
മേൽപ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here