കണ്ണൂരിലെ സിപിഐഎം – യുവമോർച്ച പോർവിളി; കേസെടുക്കാതെ പൊലീസ്

0

കണ്ണൂരിലെ സിപിഐഎം – യുവമോർച്ച പോർവിളിയിൽ കേസെടുക്കാത്ത പൊലീസ്. യുവമോർച്ച നേതാവിന്റെ ഭീഷണിയിൽ സിപിഐഎം പരാതി നൽകിയിട്ടില്ല. പി ജയരാജൻ നടത്തുയ ഭീഷണിക്കെതിരെ യുവമോർച്ച നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുമില്ല. സംഘർഷം ഒഴിവാക്കാൻ നേതൃത്വങ്ങൾ കരുതലോടെയാണ് നീങ്ങുന്നത്.

സിപിഐഎം നേതാവ് പി. ജയരാജനും സ്പീക്കർ എ.എൻ ഷംസീറിനുമെതിരെയാണ് ബിജെപി പ്രവർത്തകർ കൊലവിളി മുദ്രാവാക്യം നടത്തിയത്. കയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്നാണ് മാഹി പള്ളൂരില്‍ നടന്ന ബിജെപി പ്രതിഷേധത്തിനിടയിലെ ഭീഷണി. കഴിഞ്ഞ ദിവസം യുവമോർച്ചയ്‌ക്കെതിരായ പി ജയരാജന്റെ പ്രസംഗം വിവാദമായിരുന്നു. ഇതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

ഗണപതിയെ അപമാനിച്ച് സംസാരിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം യുവമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി ഗണേഷാണ് ഷംസീറിനെതിരെ ആദ്യം ഭീഷണി മുഴക്കി തലശ്ശേരിയില്‍ പ്രസംഗിച്ചത്. ഗണപതിയെ അപമാനിച്ചതില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു യുവമോര്‍ച്ച നേതാവിന്റെ പ്രസംഗം. കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈ പോയത് പോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാകാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും ഗണേഷ് പ്രസംഗിച്ചിരുന്നു.

ഗണേഷിന്റെ പ്രസംഗത്തിന് മറുപടി ആയാണ് ജയരാജന്‍ രംഗത്തെത്തിയത്. ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്ന മുന്നറിയിപ്പായിരുന്നു പി ജയരാജന്റേത്.

Leave a Reply