ദളിതര്‍ക്കും ഗോത്രവിഭാഗങ്ങള്‍ക്കും വേണ്ടി കേന്ദ്രസര്‍ക്കാര്‍ നിലകൊണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ സദ്ഭരണം നിറവേറ്റിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട് സര്‍ക്കാര്‍.
ദരിദ്രരോ ദളിതരോ ആദിവാസികളോ മറ്റേത് പിന്നാക്ക വിഭാഗം ആണെങ്കിലും അവരുടെ ജീവിതം മെച്ചപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലായിപ്പോഴും അങ്ങനെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. വിമാന സര്‍വീസുകളുടെ വിപുലീകരണം വ്യോമയാന മേഖയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്‌കോട്ടില്‍ 860 കോടി രൂപയിലധികം വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് ഗവണ്‍മെന്റിന്റെ മുന്‍ഗണനകളില്‍ ഒന്ന്. മുന്‍കാലങ്ങളില്‍ ആശുപത്രികളിലും യൂട്ടിലിറ്റി പേയ്മെന്റ് സെന്ററുകളിലും നീണ്ട ക്യൂ, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിലെ ബുദ്ധിമുട്ടുകള്‍ എന്നിവയെല്ലാം ജനങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോള്‍ ആ ബുദ്ധിമുട്ടുകളില്‍ നിന്നെല്ലാം ജനങ്ങള്‍ക്ക് ആശ്വാസം കിട്ടുകയാണ്.
കഴിഞ്ഞ 9 വര്‍ഷമായി വികസിപ്പിച്ചെടുത്ത ഈ ഭരണ മാതൃക സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങളും അഭിലാഷങ്ങളും കണ്ടുകൊണ്ടുള്ളതാണ്. പ്രധാനമന്ത്രി പറഞ്ഞു.