മുംബൈ ∙ സെപ്റ്റംബറിൽ ചൈനയിലെ ഹാങ്ചൗവിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ മത്സരിക്കാൻ ഇന്ത്യൻ ടീമുകൾക്ക് ബിസിസിഐ അപെക്സ് കൗൺസിൽ അനുമതി നൽകി. ട്വന്റി20 മത്സരങ്ങളാണ് ഇത്തവണ ഏഷ്യൻ ഗെയിംസിൽ നടക്കുക. വനിതകളിൽ പ്രധാന ടീമാണ് മത്സരിക്കുക. പുരുഷ ക്രിക്കറ്റിൽ ബി ടീമിനെയാണ് അയയ്ക്കുക. ഒക്ടോബറിൽ ഇന്ത്യയിൽ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നതിനാലാണിത്. ക്രിക്കറ്റിൽ ഇന്ത്യ ടീമിനെ അയയ്ക്കുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നെങ്കിലും ബിസിസിഐയുടെ അനുമതി ലഭിച്ചത് ഇന്നലെയാണ്.
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ ഇന്ത്യയുടെ അരങ്ങേറ്റത്തിനാണ് ഹാങ്ചൗ വേദിയാകുക. 2010, 2014 ഏഷ്യൻ ഗെയിംസുകളിൽ ക്രിക്കറ്റ് മത്സരയിനമായിരുന്നെങ്കിലും ഇന്ത്യ പങ്കെടുത്തിരുന്നില്ല. ഇത്തവണ ക്രിക്കറ്റിലൂടെ 2 സ്വർണ മെഡലുകളാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയ്ക്കു പുറമേ പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളും പുരുഷ ക്രിക്കറ്റിൽ രണ്ടാംനിര ടീമിനെയാണ് ഏഷ്യൻ ഗെയിംസിന് അയയ്ക്കുന്നത്.
∙ സെപ്റ്റംബർ 23നാണ് ഗെയിംസിന്റെ ഉദ്ഘാടനം. അതിനു മുൻപേ സെപ്റ്റംബർ 19ന് വനിതാ ട്വന്റി20 മത്സരങ്ങൾ ആരംഭിക്കും
∙ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 8 വരെയാണ് പുരുഷ ട്വന്റി20 മത്സരങ്ങൾ
∙ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എൻട്രി സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15
∙ പുരുഷ ക്രിക്കറ്റ് ടീമിനെ ശിഖർ ധവാനും വനിതാ ടീമിനെ ഹർമൻപ്രീത് കൗറും നയിക്കാൻ സാധ്യത
∙ 2014ലെ ഇഞ്ചിയോൺ ഗെയിംസിൽ പുരുഷ ക്രിക്കറ്റിൽ ശ്രീലങ്കയും വനിതകളിൽ പാക്കിസ്ഥാനുമായിരുന്നു ജേതാക്കൾ.
∙ ക്രിക്കറ്റ് ഏഷ്യൻ ഗെയിസിലേക്ക് മടങ്ങിയെത്തുന്നത് 9 വർഷങ്ങൾക്കുശേഷം. 2018ലെ ഗെയിംസിൽ മത്സരയിനമായിരുന്നില്ല