ബെംഗളൂരു: രാജസ്ഥാനിലേക്ക് 21 ലക്ഷം രൂപ വില വരുന്ന തക്കാളിയുമായി പോയ ലോറി കാണാതായതായി പരാതി. കോലാറിൽനിന്ന് തക്കാളിയുമായി പോയ കോലാറിലെ മെഹ്ത ട്രാൻസ്‌പോർട്ടിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് കാണാതായത്. എസ്.വി.ടി. ട്രേഡേഴ്സ്, എ.ജി. ട്രേഡേഴ്സ് എന്നിവരുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് കോലാറിൽ നിന്ന് ലോറി പുറപ്പെട്ടത്.
ലോറി ഡ്രൈവറെക്കുറിച്ച് വിവരമില്ലെന്ന് തക്കാളി കയറ്റി അയച്ചവർ നൽകിയ പരാതിയിൽ പറഞ്ഞു. കോലാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞാഴ്ച ചിത്രദുർഗയിൽ നിന്ന് കോലാറിലെ ചന്തയിലേക്ക് കൊണ്ടുപോയ മൂന്നുലക്ഷം രൂപ വിലവരുന്ന തക്കാളി വാഹനത്തോടെ തട്ടിയെടുത്ത കേസിൽ ദമ്പതിമാരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. തമിഴ്‌നാട് സ്വദേശികളായ ഭാസ്‌കർ, സിന്ധുജ എന്നിവരാണ് അറസ്റ്റിലായത്.