കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞി വീണു; കിണറിനുള്ളിലകപ്പെട്ട തൊഴിലാളിയെ ഒരു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തത്തിച്ചു

0


കൊല്ലം: കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് കിണറിനുള്ളിൽ കുടുങ്ങിയ തൊഴിലാളിയെ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെത്തിച്ചു. മറ്റൊരു തൊഴിലാളി അദ്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണിനടിയിൽപെട്ട ഇലങ്കത്തുവെളി പോളയിൽ പടിഞ്ഞാറ്റതിൽ പ്രദീപിനെ (വിനോദ്42) അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ഇദ്ദേഹത്ത കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കിണർ കുഴിക്കുന്നതിനിടെ രാമൻകുളങ്ങര മതേതര നഗറിൽ കുരീപ്പള്ളി അശ്വതിവില്ലയിൽ അശോക് കുമാറിന്റെ ഉടമസ്ഥതയിലുള്ള സുജ അപ്പാർട്‌മെന്റ് വളപ്പിലാണ് അപകടം. ഇന്നലെ ഉച്ചയ്ക്ക് 1.50 നാണു സംഭവം. റോഡിനോടും ചുറ്റുമതിലിനോടും ചേർന്ന ഭാഗത്തെ ചുറ്റുമതിലിന്റെ അടിസ്ഥാനം ഇടിഞ്ഞു 14 അടി താഴ്ചയിൽ കുഴിച്ചു കൊണ്ടിരുന്ന കിണറിലേക്കു പതിച്ചാണ് അപകടം. കല്ലുപുറം സ്വദേശികളായ ഷെമീർ (40), ഉണ്ണി (48), ബാബു (48) എന്നിവരോടൊപ്പമാണ് പ്രദീപ് കിണർ കുഴിച്ചുകൊണ്ടിരുന്നത്.

ഈ സമയം പ്രദീപിനൊപ്പം ഷെമീറാണ് കിണറിൽ ഇറങ്ങി നിന്നിരുന്നത്. വശങ്ങളിലെ മണ്ണ് ഇടിഞ്ഞു തുടങ്ങിയപ്പോൾ തന്നെ ഷെമീർ മുകളിലേക്കുള്ള കയറിൽ പിടിച്ചു കയറി രക്ഷപ്പെട്ടു. എന്നാൽ പ്രദീപിന് മുകളിലേക്ക് കയറി രക്ഷപ്പെടാനായില്ല. അഥിനു മുന്നേ തന്നെ ചുറ്റുമതിലിന്റെ പാറയും കോൺക്രീറ്റും അടക്കം പ്രദീപിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് മുകളിൽ വരെ മണ്ണു മൂടിയ പ്രദീപിനെ മുകളിൽ നിന്നിരുന്ന ഷെമീറാണ് കഴുത്ത് വരെ മണ്ണ് മാറ്റി ആദ്യ രക്ഷാപ്രവർത്തനം നടത്തിയത്. കഴുത്തൊപ്പം മണ്ണിൽ നിന്നിരുന്ന പ്രദീപിനെ പുറത്തെടുക്കാൻ അഗ്‌നിരക്ഷാ ഉദ്യോഗസ്ഥർ കിണറ്റിൽ ഇറങ്ങി മണൽ നീക്കം ചെയ്യുകയായിരുന്നു.

മൂന്ന് നില അപ്പാർട്ട്‌മെന്റിന്റെ ഒന്നാം നിലയിൽ കപ്പിയും കയറും സജ്ജമാക്കി പ്രദീപിന്റെ അരയിൽ കയർ ബന്ധിപ്പിച്ചും വശങ്ങളിലെ മണ്ണ് നീക്കിയും ഏറെ ശ്രമിച്ചാണ് കിണറ്റിൽ നിന്ന് പുറത്തെടുത്തത്.

Leave a Reply