അതൊരു ‘ബൂമറാങ്‌ ഉല്‍ക്ക’; ഭൂമിയില്‍നിന്ന്‌ പുറപ്പെട്ടു, പിന്നെ തിരിച്ചെത്തി

0


പാരീസ്‌: സഹാറ മരുഭൂമിയില്‍ കണ്ടെത്തിയ ആ ഉല്‍ക്കാശിലയ്‌ക്ക്‌ “എന്‍.ഡബ്ല്യു.എ. 13188 ” എന്നായിരുന്നു ഇതുവരെയുള്ള പേര്‌. അത്‌ ഇനി ലോകത്തിലെ ആദ്യത്തെ “ബൂമറാങ്‌ ഉല്‍ക്കാശില” എന്നറിയപ്പെടും. ഭൂമി വിട്ട്‌ സഹസ്രാബ്‌ദങ്ങള്‍ ബഹിരാകാശത്ത്‌ ചെലവഴിച്ച പാറയാണു തിരിച്ചെത്തിയതെന്നു ജ്യോതിശാസ്‌ത്രജ്‌ഞര്‍ പ്രഖ്യാപിച്ചു.
ഫ്രാന്‍സിലെ ഐക്‌സ്‌മാര്‍സെയില്‍ സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞരാണു ശിലയുടെ പ്രത്യേകത തിരിച്ചറിഞ്ഞത്‌. 2018 ല്‍ മൊറോക്കോയില്‍നിന്നാണു ശില കണ്ടെത്തിയത്‌. 646 ഗ്രാമായിരുന്നു ഭാരം. അതിന്റെ പ്രത്യേകത ശാസ്‌ത്രലോകത്ത്‌ ചര്‍ച്ചയാകാന്‍ വൈകിയില്ല. എന്‍.ഡബ്ല്യു.എ. 13188 നു ഭൂമിയുടെ പുറംതോടിലും അഗ്‌നിപര്‍ത പാറയിലും കാണപ്പെടുന്ന ഘടനയുണ്ടെന്ന കണ്ടെത്തലായിരുന്നു അതില്‍ പ്രധാനം. അഗ്‌നിപര്‍വത പാറകളില്‍ കാണപ്പെടുന്ന ബസാള്‍ട്ടിക്‌ ആന്‍ഡീസൈറ്റ്‌ ഘടന ശിലയുടെ ഉള്ളിലുള്ള പാളിയില്‍ കണ്ടെത്തി. അലുമിനിയം അടങ്ങുന്ന പ്ലാജിയോക്‌ലേസും ഇരുണ്ട നിറമുള്ള ധാതുവായ പൈറോക്‌സീനും കണ്ടെത്തിയതോടെ സംശയംകൂടി.
എന്നാല്‍, ശിലയില്‍ ബെറിലിയം3, ഹീലിയം10, നിയോണ്‍21 തുടങ്ങിയ ഐസോടോപ്പുകളുടെ സാന്നിധ്യം കണ്ടെത്തിയതോടെ ബഹിരാകാശ ബന്ധത്തിനും തെളിവായി.
ഒടുവില്‍, ഏകദേശം 10,000 വര്‍ഷങ്ങള്‍ക്ക്‌ മുമ്പുണ്ടായ ഛിന്നഗ്രഹ ആഘാതമാണ്‌ എന്‍.ഡബ്ല്യു.എ. 13188നെ ബഹിരാകാശത്തെത്തിച്ചതെന്ന നിലപാടില്‍ ഗവേഷകരെത്തി. ഉല്‍ക്കാശിലകള്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ അന്തരീക്ഷവുമായുള്ള ഘര്‍ഷണത്തെ തുടര്‍ന്നുണ്ടാകുന്ന മാറ്റങ്ങളും ശിലയില്‍ കണ്ടെത്തി. ഇതോടെയാണു “എന്‍.ഡബ്ല്യു.എ. 13188 ” ഒരു ബൂമറാങ്‌ ഉല്‍ക്കയാണെന്ന സ്‌ഥിരീകരണമുണ്ടായത്‌.

Leave a Reply