നവാഗതര്‍ക്കു സ്വാഗതം , 207-ാം വയസില്‍ വിദ്യാലയ മുത്തശ്ശി!

0


ആലപ്പുഴ : വീണ്ടുമൊരു അധ്യയനവര്‍ഷത്തിന്‌ ഇന്നു തുടക്കമാകുമ്പോള്‍ നവാഗതരെ സ്‌നേഹവാത്സല്യങ്ങളോടെ സ്വീകരിക്കാനൊരുങ്ങി 207 വയസുള്ള വിദ്യാലയ മുത്തശ്ശി. കേരളത്തിലെ ആദ്യ പള്ളിക്കൂടമായ ആലപ്പുഴ കോമ്പൗണ്ട്‌ സി.എം.എസ്‌. എല്‍.പി.എസില്‍ ഇത്തവണ ഒന്നാം ക്ലാസിലേക്ക്‌ എത്തുന്നത്‌ 15 കുട്ടികളാണ്‌.
എ.ഡി. 1816-ല്‍ പാശ്‌ചാത്യ മിഷനറിയായ തോമസ്‌ നോര്‍ട്ടനാണ്‌ സ്‌കൂള്‍ സ്‌ഥാപിച്ചത്‌. സാധാരണ ജനങ്ങള്‍ക്കും പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ക്കും വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന സമയത്ത്‌ കാട്ടുപ്രദേശമായിരുന്ന ഇവിടേക്കു വന്ന്‌ നോര്‍ട്ടനും ഭാര്യ ആനിയും ചേര്‍ന്ന്‌ പള്ളിക്കൂടം സ്‌ഥാപിക്കുകയായിരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കൂടിയുള്ളതായിരുന്നു ആദ്യ വിദ്യാലയം. പെണ്‍കുട്ടികള്‍ക്ക്‌ താമസിച്ച്‌ പഠിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തി.
പെണ്‍കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം കൊടുത്ത കേരളത്തിലെ ആദ്യ വിദ്യാലയം, കേരളത്തിലെ ആദ്യ ഇംഗ്ലീഷ്‌ വിദ്യാലയം തുടങ്ങി ചരിത്രത്തില്‍ ഈ സ്‌കൂളിന്‌ പ്രത്യേകതകളേറെ. ആലപ്പുഴ നഗരമധ്യത്തിലെ സക്കറിയ ബസാറില്‍ സ്‌ഥിതിചെയ്യുന്ന സ്‌കൂളില്‍ എല്‍.കെ.ജി. മുതല്‍ നാല്‌ വരെ ക്ലാസുകളിലായി ഇത്തവണ 70 വിദ്യാര്‍ഥികളാണുള്ളത്‌. രണ്ടര പതിറ്റാണ്ടു മുമ്പുവരെ രണ്ടിലേറെ ഡിവിഷനുകളും 200 ലേറെ വിദ്യാര്‍ഥികളുമുണ്ടായിരുന്നതായി അറബിക്‌ അധ്യാപകനായ ഷംനാദ്‌ പറയുന്നു.
കോട്ടയം സി.എസ്‌.ഐ. മാനേജ്‌മെന്റിനു കീഴിലുള്ള സ്‌കൂളിന്റെ ലോക്കല്‍ മാനേജരായി ഫാ. തോമസാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ജീന ജേക്കബാണ്‌ പ്രഥമാധ്യാപിക.

LEAVE A REPLY

Please enter your comment!
Please enter your name here