സുധാകരന്‍-സതീശന്‍ നേതൃത്വത്തിനെതിരേ കോണ്‍ഗ്രസില്‍ പോര് ; പ്രതിപക്ഷനേതാവിനെതിരേ എ, ഐ ഗ്രൂപ്പുകളുടെ ഐക്യം

0

തിരുവനന്തപുരം: ഇടവേളയ്ക്കുശേഷം കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് പോര് മൂര്‍ഛിക്കുന്നു. മുമ്പ് പരസ്പരം പോരടിച്ചിരുന്ന ഐ, എ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ തിരിഞ്ഞെന്ന വ്യത്യാസം മാത്രം! സതീശനു പിന്തുണ നല്‍കുന്ന പാര്‍ട്ടിയിലെ യൂത്ത് ബ്രിഗേഡും കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനുമാണ് ഇരു ഗ്രൂപ്പുകളുടെയും കണ്ണിലെ കരടായി മാറിയത്.

പുനഃസംഘടനയുടെ കാര്യത്തില്‍ സതീശന്‍ എന്തു പാതകം ചെയ്‌തെന്ന ചോദ്യമുയര്‍ത്തി പ്രതിരോധിച്ചെങ്കിലും സമവായനീക്കങ്ങളുമായി സുധാകരന്‍ നേരിട്ട് രംഗത്തിറങ്ങി. ഇന്നലെ തലസ്ഥാനത്ത് ഇരു ഗ്രൂപ്പുകളുടെയും മുതിര്‍ന്നനേതാക്കള്‍ യോഗം ചേര്‍ന്നാണ് സുധാകരന്‍-സതീശന്‍ നേതൃത്വത്തിനെതിരേ ഒന്നിച്ചുനീങ്ങാന്‍ തീരുമാനിച്ചത്. വയനാട് നേതൃയോഗത്തിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ചെന്നാരോപിച്ചാണിത്. അതേസമയം, ഗ്രൂപ്പ് സമ്മര്‍ദങ്ങള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണെങ്കിലും പരാതിക്കാരുമായി സുധാകരന്‍ നേരിട്ട് ചര്‍ച്ച നടത്തും.

ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിക്കുന്ന കാര്യത്തില്‍ നേതൃത്വം ഏകപക്ഷീയതീരുമാനമെടുത്തെന്നാണ് എ-ഐ ഗ്രൂപ്പുകളുടെ പരാതി. ഈ സാഹചര്യത്തിലാണു തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ രമേശ് ചെന്നിത്തല, എം.എം. ഹസന്‍, കെ.സി. ജോസഫ്, ബെന്നി ബെഹനാന്‍, ജോസഫ് വാഴയ്ക്കന്‍ എന്നീ ഗ്രൂപ്പ് നേതാക്കളും ശശി തരൂരിനെ പിന്തുണയ്ക്കുന്ന എം.കെ. രാഘവന്‍ എം.പിയും ഉള്‍പ്പെടെ യോഗം ചേര്‍ന്നത്. ഇതിനിടെ ചെന്നിത്തലയും ഹസനുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനകാര്യത്തില്‍ കൂടിയാലോചനയുണ്ടായില്ലെന്നും പാര്‍ട്ടിയിലെ ഐക്യത്തിന്റെ അന്തരീക്ഷം നഷ്ടപ്പെടുത്തിയെന്നും സംയുക്ത ഗ്രൂപ്പ് യോഗം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡിനെ സമീപിക്കും. കേന്ദ്രനേതാക്കളുടെ സൗകര്യംകൂടി അറിഞ്ഞശേഷമാകും ഡല്‍ഹി സന്ദര്‍ശനം. പുനഃസംഘടനയില്‍ അതൃപ്തിയുള്ള എം.പിമാരും കേന്ദ്രനേതൃത്വത്തെ പ്രത്യേകമായി കാണും. നേതാക്കളെ വിശ്വാസത്തിലെടുക്കാന്‍ സംസ്ഥാനനേതൃത്വം തയാറാകണമെന്ന ആവശ്യമാകും െഹെക്കമാന്‍ഡിനോടു ഗ്രൂപ്പ് നേതാക്കള്‍ ഉന്നയിക്കുക.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വയനാട് നേതൃയോഗം തീരുമാനിച്ച മിഷന്‍ 24-നെ പാര്‍ട്ടി പിടിച്ചെടുക്കാനുളള തന്ത്രമായി സംസ്ഥാനനേതൃത്വം മാറ്റിയെന്നു യോഗം വിമര്‍ശിച്ചു. മുതിര്‍ന്നനേതാക്കളുമായി കൂടിയാലോചിച്ച് പുനഃസംഘടന പൂര്‍ത്തീകരിക്കണമെന്നാണു നേതൃയോഗം തീരുമാനിച്ചതെങ്കിലും അതുണ്ടായില്ല. ആകെ 282 ബ്ലോക്ക് കമ്മിറ്റികളില്‍ ഏഴംഗ ഉപസമിതി ഏകകണ്ഠമായി നിര്‍ദേശിച്ച 170 പേരൊഴികെ 110 പ്രസിഡന്റുമാരെയും സംസ്ഥാനനേതൃത്വമാണു തീരുമാനിച്ചത്.

കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍മാരുമായും കൂടിയാലോചനയ്ക്കു തയാറായില്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനായിരുന്നു കടുംപിടിത്തം. മുതിര്‍ന്നനേതാക്കളെ വിശ്വാസത്തിലെടുക്കാന്‍ സതീശന്‍ തയാറാകുന്നില്ല. പാര്‍ട്ടി പിടിക്കാനാണു സതീശന്റെയും അനുയായികളുടെയും നീക്കം. പുനഃസംഘടനാചര്‍ച്ച വിജയിക്കാത്തതിന്റെ കാരണം സതീശനാണെന്നും യോഗം കുറ്റപ്പെടുത്തി.

എന്നാല്‍, പുനഃസംഘടനാകാര്യത്തില്‍ ചര്‍ച്ച നടന്നില്ലെന്ന ആരോപണം ശുദ്ധനുണയാണെന്നും അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും സുധാകരന്‍ പ്രതികരിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തില്‍ പരാതിയുണ്ടെങ്കില്‍ എ.ഐ.സി.സി. അന്വേഷിക്കട്ടെ. ഇക്കാര്യത്തില്‍ സതീശന്‍ എന്തു പാതകം ചെയ്‌തെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here