രാത്രിയോ പകലോ ഇല്ല ; ശക്തമായ മിന്നലിനൊപ്പമുണ്ടാകുന്ന ഇടിമുഴക്കം പോലൊരു ശബ്ദം; ചിലയിടത്ത് വന്‍ മുഴക്കം, ഉറക്കമില്ലാതെ മണിമല ; കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുന്നു

0


മണിമല: മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം ചേനപ്പാടി മേഖലയില്‍ ഭൂമിയ്ക്കടിയില്‍ നിന്ന് ഉഗ്രശബ്ദവും മുഴക്കവും. കഴിഞ്ഞ തിങ്കളാഴ്ച മുഴക്കം അനുഭവപ്പെട്ട സ്ഥലത്തിനൊപ്പം ഇന്നലെ കൂടുതല്‍ മേഖലകളിലേക്കു മുഴക്കം അനുഭവപ്പെട്ടതു പ്രദേശവാസികളില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് ഭൂമിയ്ക്കടിയില്‍ നിന്ന് ഉഗ്രശബ്ദമുണ്ടായത്. രണ്ടു തവണയായി തീവ്ര ഇടിമുഴക്കത്തിനു സമാനമായ ശബ്ദവും പ്രകമ്പനവുമാണ് ഉണ്ടായതെന്നു നാട്ടുകാര്‍ പറഞ്ഞു.

പാത്രങ്ങള്‍ കിലുങ്ങുന്ന ശബ്ദം കേട്ടാണു പലരും ഉണര്‍ന്നത്. ചേനപ്പാടിയ്ക്കു പുറമേ, കറിക്കാട്ടൂര്‍, കറിക്കാട്ടൂര്‍ സെന്റര്‍, കരിമ്പനക്കുളം, പഴയിടം പ്രദേശങ്ങളിലും പ്രകമ്പന ശബ്ദം അനുഭവപ്പെട്ടു. എരുമേലി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ചേനപ്പാടി, പാതിപ്പാറ, വട്ടോത്തറ, ലക്ഷം വീട് കോളനി ഭാഗങ്ങളിലാണു തിങ്കളാഴ്ച ഭൂമിയ്ക്കടിയില്‍ നിന്നു മുഴക്കം കേട്ടത്. ഇന്നലെ മുഴക്കം കാഞ്ഞിരപ്പള്ളി, മണിമല പഞ്ചായത്തുകളിലേക്കും വ്യാപിച്ചതാണു ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്.

പ്രകമ്പനങ്ങള്‍ തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ആശങ്കയകറ്റാന്‍ ശാസ്ത്രീയ പരിശോധന വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍, മേഖലയിലുണ്ടായതു ഭൂചലനമല്ലെന്ന് ആവര്‍ത്തിക്കുകയാണു ജില്ലാ െമെനിങ്ങ് ആന്റ് ജിയോളജി വിഭാഗം. കഴിഞ്ഞ ദിവസത്തേതു പോലെ ഇന്നലെയുണ്ടായ മുഴക്കവും ഇടുക്കിയിലെ ഭൂകമ്പമാപിനിയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നു ജില്ലാ ജിയോളജിസ്റ്റ് ഡോ.സി.എസ്. മഞ്ജു പറഞ്ഞു. ഭൂമിയില്‍ എവിടെയും വിള്ളല്‍ കണ്ടതായും റിപ്പോര്‍ട്ടില്ല. മുഴക്കം അനുഭവപ്പെട്ട മേഖലകളില്‍ ഇന്നലെയും ജിയോളജി വിഭാഗം പരിശോധന നടത്തി.

തിങ്കളാഴ്ച സ്ഥല പരിശോധന നടത്തിയതിനു പിന്നാലെ, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിലെ വിദഗ്ധരുടെ പഠനം ആവശ്യപ്പെട്ടു ജിയോളജി വിഭാഗം കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തുടര്‍ നടപടിയുണ്ടായിട്ടില്ല. എന്നാല്‍, ജിയോളജി വകുപ്പ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു മടങ്ങുന്നതല്ലാതെ മറ്റൊരു നടപടിയുമുണ്ടാകുന്നില്ലെന്നതും നാട്ടുകാരിലും പ്രതിഷേധമുണ്ട്. ജിയോളജി വകുപ്പ് ശിപാര്‍ശ ചെയ്തിരിക്കുന്ന സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിലെ വിദഗ്ധരുടെ പഠനം അടിയന്തിരമായി നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

തോട്ടപൊട്ടുന്നതു പോലെ…

എരുമേലി: തോട്ടപൊട്ടുന്നതു പോലെയും ശക്തമായ മിന്നലിനൊപ്പമുണ്ടാകുന്ന ഇടിമുഴക്കം പോലെയുമുള്ള ശബ്ദമാണ് ഇന്നലെ പല മേഖലകളിലും ഉണ്ടായതെന്നു നാട്ടുകാര്‍. ചിലയിടങ്ങളില്‍ വന്‍ മുഴക്കവുമുണ്ടായി. ശബ്ദം ഭൂമിയ്ക്കടിയില്‍ നിന്നാണെന്ന് പലര്‍ക്കും മനസിലായില്ല. മിക്ക വീട്ടുകാരും ഇതോടെ ഉറക്കം വെടിഞ്ഞ് വീടിനു പുറത്താണു സമയം കഴിച്ചുകൂട്ടിയത്. രാത്രി, പകല്‍ ഭേദമെന്യേ മുഴക്കം പതിവായത് പ്രദേശവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here