കാലവർഷം കേരളത്തിലെത്താൻ വൈകിയേക്കുമെന്ന് ആശങ്ക

0

കാലവർഷം കേരളത്തിലെത്താൻ വൈകിയേക്കുമെന്ന് ആശങ്ക. തെക്കുപടിഞ്ഞാറൻ കാലവർഷം ലക്ഷദ്വീപിലെ മിനിക്കോയ് ദീപിൽ എത്തി. കാലാവസ്ഥാവകുപ്പിന്റെ പ്രവചനം അനുസരിച്ച് ഞായറാഴ്ചയാണ് കേരളത്തിൽ എത്തേണ്ടത്. എന്നാൽ, വൈകുമോയെന്ന ആശങ്കയാണ്.

കാലവർഷം ലക്ഷദ്വീപിൽ എത്തിയെങ്കിലും തുടർന്ന് മുന്നേറാനുള്ള അനുകൂലസാഹചര്യമുണ്ടൊയെന്ന് കാലാവസ്ഥാവകുപ്പ് വ്യക്തമാക്കിയിട്ടില്ല. ശ്രീലങ്കയിൽ സാധാരണയിലും പത്തുദിവസം വൈകിയാണ് കാലവർഷം തുടങ്ങിയത്. അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും അന്തരീക്ഷച്ചുഴികൾ കാലവർഷത്തെ സ്വാധീനിക്കും.

തിങ്കളാഴ്ചയോടെ തെക്കുകിഴക്കൻ അറബിക്കടലിൽ അന്തരീക്ഷച്ചുഴി രൂപപ്പെടും. രണ്ടുദിവസത്തിനകം ന്യൂനമർദമാകാനാണ് സാധ്യത. ന്യൂനമർദം തീരത്തുനിന്ന് അകന്നാണ് പോകുന്നതെങ്കിൽ കാലവർഷത്തിന്റെ തുടക്കം ദുർബലമാവും. തീരത്തോട് അടുത്താണെങ്കിൽ തുടക്കം കനക്കും. വെള്ളിയാഴ്ച കേരളത്തിൽ തീരെ മഴ കുറവുമായിരുന്നു.

ഇന്ന് നാലുജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പ്
തെക്കൻജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ മുന്നറിയിപ്പ് നൽകി.

കേരള, കർണാടക തീരങ്ങളിൽ ശനിയാഴ്ചവരെയും ലക്ഷദ്വീപ് പ്രദേശങ്ങളിൽ ആറുവരെയും മീൻപിടിത്തത്തിന് പോകരുതെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here