കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയതിന് പിടിയിലായ സവാദിന് ജാമ്യം കിട്ടിയപ്പോൾ നൽകിയ സ്വീകരണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്

0

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയതിന് പിടിയിലായ സവാദിന് ജാമ്യം കിട്ടിയപ്പോൾ നൽകിയ സ്വീകരണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ജയിലിന് പുറത്തിരങ്ങിയ സവാദിനെ ഓൾ കേരള മെൻസ് അസോസിയേഷനാണ് മുല്ലപ്പൂമാലയിട്ട് സ്വീകരണം നൽകിയത്. പെൺകുട്ടി നൽകിയത് വ്യാജ പരാതി എന്നാരോപിച്ചാണ് അസോസിയേഷന്റെ പിന്തുണ. പ്രതിക്ക് സ്വീകരണം നൽകിയതിൽ ലജ്ജ തോന്നുന്നെന്ന് പരാതിക്കാരി പറഞ്ഞു. പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണ്. സോഷ്യൽ മീഡിയയിൽ വലിയ വേട്ടയാടലാണ് നടക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.

”സ്വാതന്ത്ര്യ സമരത്തിനു പോയി വന്ന ഒരാളെപ്പോലെ മാലയിട്ട് ആനയിച്ച് കൊണ്ടുവരാൻ അയാൾ എന്തു മഹദ് കാര്യമാണ് ചെയ്തതെന്ന് ഒന്നു പറഞ്ഞു തരുമോ? ബാത്‌റൂമിലും ബെഡ്‌റൂമിലും ചെയ്യേണ്ട കാര്യം കെഎസ്ആർടിസിയിൽ വന്നു ചെയ്തതാണോ മാലയിട്ട് സ്വീകരിക്കേണ്ട കാര്യം എന്നൊരു ചോദ്യം എനിക്ക് പൊതു സമൂഹത്തോടുണ്ട്. എങ്ങനെ ഇതിന് മനസ്സു വന്നു.

അയാൾ ഇതൊന്നും ചെയ്തിട്ടില്ലെന്ന് തെളിയിച്ചിട്ട് പുറത്തിറങ്ങിയപ്പോഴാണ് മാലയിട്ട് സ്വീകരിച്ചതെങ്കിൽ ശരി. ഇതു ജാമ്യത്തിൽ ഇറങ്ങിയ അവനോട് ‘ഞങ്ങൾ കൂടെയുണ്ട് കേട്ടോ’ എന്നു പറഞ്ഞാണ് സ്വീകരിച്ചത്. എന്തിനാണ് കൂടെയുള്ളത്? ഇരുപത് ദിവസത്തോളം എന്നെയും എന്റെ കൂട്ടുകാരെയും മാനസിക സംഘർഷത്തിലാക്കി. എന്റെ ഇൻസ്റ്റഗ്രാം പേജിൽ വന്നു തുടർച്ചയായി മോശം പരാമർശം നടത്തുകയാണ്. എന്നെയും എന്റെയും കൂട്ടുകാരുടെയും സമൂഹമാധ്യമ അക്കൗണ്ടിൽ തെറി വിളിച്ചു. ഇതാണ് പ്രതികരിച്ചതിന്റെ പേരിൽ എനിക്ക് ലഭിച്ചത്.”പരാതിക്കാരി പറഞ്ഞു. സംഭവത്തിൽ നിയമപോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.

സവാദിനെ ആലുവ സബ് ജയിലിൽ നിന്ന് ഹാരം അണിയിച്ച് മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറാണ് സ്വീകരിച്ചത്. നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് സ്വദേശിയായ സവാദിന് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വലിയൊരു മാധ്യമപ്പട തന്നെ സവാദ് പുറത്തിറങ്ങുന്നതും, സ്വീകരണം നൽകുന്നതും ചിത്രീകരിക്കാൻ ഉണ്ടായിരുന്നു. ‘ഞങ്ങളെല്ലാം ഒപ്പമുണ്ട്’ എന്ന വാക്കുകളോടെയാണ് സവാദിനു സ്വീകരണം നൽകിയത്.തുടർന്ന് സവാദ് വാഹനത്തിൽ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന ബസിൽ വച്ച് സവാദ് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് നന്ദിതയെന്ന യുവതി ആരോപിച്ചത്. യുവതി പ്രശ്‌നമുണ്ടാക്കിയതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. എന്നാൽ കണ്ടക്ടർ ഇടപെട്ട് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

സ്വീകരണം കൊണ്ട് മരണത്തെ മുന്നിൽ കണ്ട് വരുന്ന അദ്ദേഹം മാറണമെന്നും അന്തസായി ജീവിക്കാൻ പറ്റുമെന്ന ചിന്ത അദ്ദേഹത്തിലുണ്ടാക്കണമെന്നും വട്ടിയൂർക്കാവ് അജിത് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സവാദിന് എതിരെ വ്യാജ പരാതിയാണെന്നും ഇൻസ്റ്റഗ്രം ഫോളോവേഴ്‌സിനെ കൂട്ടാനുള്ള ശ്രമമായിരുന്നു പെൺകുട്ടിയുടേതെന്നും അജിത് കുമാർ ആരോപിച്ചു. സെലിബ്രിറ്റിയാകാനുള്ള ശ്രമമായിരുന്നു പെൺകുട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് അജിത്തിന്റെ പ്രതികരണം നടത്തിയത്. കള്ളപരാതിയാണെന്ന് ആരോപിച്ച് അസോസിയേഷൻ ഡിജിപിക്ക് പരാതി നൽകി

LEAVE A REPLY

Please enter your comment!
Please enter your name here