ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ കേരളത്തിന് മികച്ച നേട്ടം

0

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ കേരളത്തിന് മികച്ച നേട്ടം. ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളത്തിന് ദേശീയ തലത്തിൽ ഒന്നാംസ്ഥാനം ലഭിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേർഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

കേരളം ഭക്ഷ്യ സുരക്ഷയിൽ കൃത്യമായും ചിട്ടയായും നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. മുൻ വർഷത്തെ വരുമാനത്തെക്കാൾ 193 ശതമാനം അധികം റെക്കോഡ് വരുമാനമാണ് 2022-23 കാലയളവിൽ നേടിയത്. ഈ കാലയളവിൽ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന റെക്കോർഡ് വരുമാനമാണ് നേടിയത്.

15.41 കോടി രൂപ നേടി 2018-19ലായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന വരുമാനം. അതിനെക്കാൾ ഇരട്ടിയോളം വരുന്ന വർധനവാണുണ്ടായത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം ഒപ്പം നിന്ന് പ്രവർത്തിച്ച് ഈ നേട്ടം കൈവരിക്കാൻ പ്രയത്‌നിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.

ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയ പുരസ്‌കാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യയിൽ നിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വിആർ വിനോദ് ഏറ്റുവാങ്ങി. സംസ്ഥാന സർക്കാർ പദ്ധതിയായ ഭക്ഷ്യ സുരക്ഷാ ഗ്രാമ പഞ്ചായത്ത് പദ്ധതി 140 പഞ്ചായത്തുകളിൽ നടപ്പിലാക്കിയതും 500 ഓളം സ്‌കൂളുകളെ പ്രത്യേകം തെരഞ്ഞെടുത്ത് സേഫ് ആൻഡ് ന്യൂട്രീഷിയസ് ഫുഡ് അറ്റ് സ്‌കൂൾ (എസ്എൻഎഫ്@സ്‌കൂൾ) എന്ന പദ്ധതി നടപ്പിലാക്കിയതും പൊതുജനങ്ങൾക്കായി സംസ്ഥാന തലത്തിൽ 3000 ത്തോളം ഭക്ഷ്യ സുരക്ഷാ ബോധവത്കരണ ക്ലാസുകൾ നടപ്പിലാക്കിയതുമാണ് ദേശീയ ഭക്ഷ്യ സുരക്ഷ സൂചികയിൽ ഇടം പിടിക്കുന്നതിന് അവസരമൊരുക്കിയത്.

കൂടാതെ അന്താരാഷ്ട്ര ചെറു ധാന്യ വർഷം 2023 ആചരിക്കുന്നതിന്റെ ഭാഗമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 26 മില്ലറ്റ് മേളകൾ നടത്തുകയും സംസ്ഥാനത്തൊട്ടാകെ 148 ഈറ്റ് റൈറ്റ് മേളകൾ നടത്തുകയും ചെയ്തത് പരിഗണിച്ച് സംസ്ഥാനത്തിന് പ്രത്യേക അംഗീകരവും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ഭക്ഷ്യ സുരക്ഷ സൂചികയിലും ഏറ്റവും കൂടുതൽ മില്ലറ്റ്‌സ് മേള ഈറ്റ് റൈറ്റ് മേള എന്നിവ നടത്തിയതിനും അംഗീകാരം ലഭിച്ചത് സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടമാണ്.

Leave a Reply