തിരുവനന്തപുരം: എഐ ക്യാമറകൾ പ്രവർത്തനം തുടങ്ങുന്ന ജൂൺ 5ന് ജനകീയ പ്രതിഷേധം സംഘടിപ്പിക്കാൻ കോൺഗ്രസ്. സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രവർത്തകർ 726 അഴിമതി ക്യാമറകൾക്കു മുന്നിലും പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ പറഞ്ഞു.
വൈകുന്നേരം 4ന് നടക്കുന്ന പ്രതിഷേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി കണ്ണൂരിൽ നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ കെപിസിസി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, എം.എം. ഹസ്സൻ, കെ.മുരളീധരൻ തുടങ്ങിയവരും കെപിസിസി വർക്കിങ് പ്രസിഡന്റുമാർ, കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ, ഡിസിസി പ്രസിഡന്റുമാർ, മുതിർന്ന കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ വിവിധ ജില്ലകളിൽ ധർണയിൽ പങ്കെടുക്കും.
എഐ ക്യാമറ ഇടപാടിലെ അഴിമതിക്കെതിരെ തെളിവുസഹിതം പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ വിമുഖത കാട്ടുകയാണെന്ന് രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.