ചങ്ങരംകുളത്ത് വിവാഹസത്കാരത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് 140 ഓളം പേർ ആശുപത്രിയിൽ

0

ചങ്ങരംകുളത്ത് വിവാഹസത്കാരത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് 140 ഓളം പേർ ആശുപത്രിയിൽ. എരമംഗലം കിളയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ പെരുമ്പടപ്പ് അയിരൂർ സ്വദേശിയുടെ മകളുടെ വിവാഹത്തിന് തലേന്നു നടന്ന ചടങ്ങിൽ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

പൊന്നാനി കറുകത്തിരുത്തിയിൽനിന്നും വരന്റെ കൂടെയെത്തിയവർക്കും ഭക്ഷ്യവിഷബാധയുണ്ടായി. പുത്തൻപള്ളി, പൊന്നാനി എന്നിവിടങ്ങളിലാണ് ആളുകൾ ചികിത്സ തേടിയിട്ടുള്ളത്. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഞായറാഴ്ചയായിരുന്നു വിവാഹം. തലേദിവസമായ ശനിയാഴ്ച രാത്രിയായിരുന്നു നിക്കാഹ് ചടങ്ങ്. നിക്കാഹിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ. ഞായറാഴ്ച ഉച്ചയോടെ നിരവധി പേർ വയറിളക്കവും ഛർദിയും പനിയുമായി ആശുപത്രികളിൽ ചികിത്സതേടിയപ്പോഴാണ് ഭക്ഷ്യവിഷബാധയാണെന്ന് അറിയുന്നത്. നിക്കാഹിനുശേഷം നടന്ന വിരുന്നിൽ മന്തിയാണ് വിളമ്പിയത്. അതോടൊപ്പമുണ്ടായിരുന്ന മയോണൈസ് കഴിച്ചവർക്കാണ് കൂടുതലായും ഭക്ഷ്യവിഷബാധയുണ്ടായത്.

പെരുമ്പടപ്പ് പുത്തൻപള്ളി സ്വകാര്യ ആശുപത്രിയിൽ മാത്രം 80 പേരാണ് ഞായറാഴ്ച രാത്രിവരെ ചികിത്സതേടിയത്. പുന്നയൂർക്കുളം സ്വകാര്യ ആശുപത്രിയിൽ ഏഴും പൊന്നണി ഗവ. താലൂക്ക് ആശുപത്രിയിൽ 40 -ഓളം പേരും ഇതിനോടകം ചികിത്സതേടിയിട്ടുണ്ട്.

യുവാക്കൾക്കും മധ്യവയസ്‌കർക്കുമാണ് കൂടുതലായും ഭക്ഷ്യവിഷബാധയേറ്റത്. വിവിധ ആശുപത്രികളിൽ ചികിത്സതേടിയ 140 -ഓളം പേരിൽ 29 കുട്ടികളും 18 സ്ത്രീകളും ഉൾപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here