കുമളിയില്‍ മാലിന്യം നിറഞ്ഞ ഓട വൃത്തിയാക്കാത്തതിനെ സംബന്ധിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട മാധ്യമ പ്രവര്‍ത്തകന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം

0

കുമളിയില്‍ മാലിന്യം നിറഞ്ഞ ഓട വൃത്തിയാക്കാത്തതിനെ സംബന്ധിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട മാധ്യമ പ്രവര്‍ത്തകന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം. മാധ്യമ പ്രവര്‍ത്തകനും, കേരള ബാങ്ക് ജീവനക്കാരനുമായ അബ്ദുള്‍ സമദിനാണ് മര്‍ദ്ധനമേറ്റത്. ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ മുഖത്തും, തോളിനും , തലയ്ക്കും, സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുള്‍ സമദ് വൈകിട്ട് കളക്ഷനെടുക്കുന്നതിനിടെ കുമളി ഒന്നാം മൈലില്‍ വച്ചാണ് ആക്രമണം ഉണ്ടായത്.

സമദിന്റെ വീടിന് സമീപമുളള ഓട പുതുക്കി പണിയുന്നതിനായി മാസങ്ങള്‍ മുമ്പ് അടച്ചിരുന്നു. എന്നാല്‍ പണിപൂര്‍ത്തിയായിട്ടും ഇത് തുറന്നു നല്‍കാന്‍ പഞ്ചായത്ത് അംഗങ്ങള്‍ തയ്യാറായില്ല. പിന്നീട് ഓടയില്‍ മണ്ണിട്ടതിനെ തുടര്‍ന്ന് ഒഴുക്കു നിലയ്ക്കുകയും വീടുകള്‍ക്ക് സമീപം മാലിന്യം കുന്നു കൂടി കിടക്കുകയുമായിരുന്നു്. ഇക്കാര്യം പലതവണ കുമളി പഞ്ചായത്തിലെ 8, 14 വാര്‍ഡുമെമ്പര്‍മാരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.

തുടര്‍ന്നാണ് സമദ് ഇത് സംബന്ധിച്ച് ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതാണ് പ്രകോപനത്തിനു കാരണമായതെന്നാണ് വിലയിരുത്തല്‍. സി.പി.എം. പ്രവര്‍ത്തകര്‍ കൂട്ടമായെത്തി തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് അബ്ദുള്‍ സമദ് പറഞ്ഞു. ആളുകള്‍ കൂട്ടമായി മര്‍ദ്ധിക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ കുമളി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. രാജേഷ് രാജു, വിഷ്ണു, ടിസി തോമസ്, പി രാജന്‍ എന്നിവരടക്കം അഞ്ച് പേരെ പ്രതി ചേര്‍ത്ത് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply