3 ഡിജിപിമാർ നാളെയും പൊലീസ് മേധാവി ഉൾപ്പെടെ മറ്റു 2 ഡിജിപിമാർ രണ്ടു മാസത്തിനുള്ളിലും വിരമിക്കുന്നതോടെ പൊലീസ് തലപ്പത്തു വൻ അഴിച്ചുപണി വരും

0

തിരുവനന്തപുരം: 3 ഡിജിപിമാർ നാളെയും പൊലീസ് മേധാവി ഉൾപ്പെടെ മറ്റു 2 ഡിജിപിമാർ രണ്ടു മാസത്തിനുള്ളിലും വിരമിക്കുന്നതോടെ പൊലീസ് തലപ്പത്തു വൻ അഴിച്ചുപണി വരും. എസ്‌പിജി ഡയറക്ടറായി കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള അരുൺകുമാർ സിൻഹ, എക്‌സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ, അഗ്‌നി രക്ഷാസേന മേധാവി ഡോ.ബി.സന്ധ്യ എന്നിവരാണു നാളെ വിരമിക്കുന്നത്. സംസ്ഥാന അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി സന്ധ്യയെ നിയമിക്കുമെന്നാണു സൂചനയെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. പൊലീസ് മേധാവി അനിൽ കാന്തും ഈ തസ്തികയിൽ അപേക്ഷിച്ചിട്ടുണ്ട്.

ആനന്ദകൃഷ്ണനും സന്ധ്യയ്ക്കും പകരമായി പൊലീസ് ആസ്ഥാനത്തെ എഡിജിപി കെ.പത്മകുമാർ, ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് എന്നിവരെ ഡിജിപി സ്ഥാനത്തേക്ക് ഉയർത്തും. സിൻഹ ഡപ്യൂട്ടേഷനിലായതിനാൽ കേരള ഡിജിപി കേഡറിലല്ല. ജൂൺ 30നു സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തും ജൂലൈ 31നു മനുഷ്യാവകാശ കമ്മിഷൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിയും വിരമിക്കും. ഇതോടെ തീര സുരക്ഷാ എഡിജിപി സഞ്ജീവ് കുമാർ പട്‌ജോഷിക്കും ഇന്റലിജൻസ് എഡിജിപി ടി.കെ.വിനോദ് കുമാറിനും ഡിജിപി റാങ്ക് ലഭിക്കും. അടുത്ത പൊലീസ് മേധാവി ആരെന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം നിർണ്ണായകമാകും.

കേരള പൊലീസിൽ ഡിജിപി റാങ്കിലെത്തിയ രണ്ടാമത്തെ വനിതയായ ബി.സന്ധ്യയും പൊലീസ് മേധാവിയാകാതെ പടിയിറങ്ങുന്നുവെന്നതാണ് വസ്തുത. നേരത്തേ ഡിജിപിയായ ആർ.ശ്രീലേഖയ്ക്കും പൊലീസ് മേധാവി പദവി ലഭിച്ചിരുന്നില്ല. സന്ധ്യയെ തഴഞ്ഞാണു ജൂനിയറായ അനിൽ കാന്തിനെ സർക്കാർ ഡിജിപി ആക്കിയത്. അനിൽകാന്തിന്റെ സർവീസ് 2 വർഷം കൂടി നീട്ടുകയും ചെയ്തതോടെ സന്ധ്യയ്ക്ക് അവസരം നഷ്ടപ്പെട്ടു. ഇതെല്ലാം സേനയിൽ വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ അടുത്ത ഡിജിപിയിൽ തീരുമാനം കരുതലോടെയാകും.

പൊലീസ് മേധാവി വിരമിക്കുമ്പോൾ പകരം ആളിനെ നിയമിക്കേണ്ടത് യുപിഎസ് സി നൽകുന്ന പട്ടികയിൽ നിന്നാണ്. ഇതിനായി കേരളം സാധ്യതാ പട്ടിക നൽകിയിട്ടുണ്ട്. കെ.പത്മകുമാർ, ഷെയ്ഖ് ദർവേഷ് സാഹിബ്, സഞ്ജീവ് കുമാർ പട്‌ജോഷി, ടി.കെ.വിനോദ്കുമാർ, യോഗേഷ് ഗുപ്ത, കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള രാവാഡ ചന്ദ്രശേഖർ, സിആർപിഎഫ് എഡിജിപി നിതിൻ അഗർവാൾ, ഹരിനാഥ് മിശ്ര എന്നിവരാണു പട്ടികയിലുള്ളത്. സീനിയോറിറ്റി കൂടി കണക്കിലെടുത്തു യോഗ്യരായ 3 പേരുകൾ യുപിഎസ്‌സി ജൂൺ അവസാനത്തോടെ സംസ്ഥാന സർക്കാരിനു നൽകും. അതിൽ നിന്ന് ഒരാളെ സർക്കാരിനു പൊലീസ് മേധാവിയാക്കാം.

പത്മകുമാറിനോ ഷെയ്ഖ് ദർവേഷ് സാഹിബോ പൊലീസ് മേധാവിയാകും. ഇത് പത്മകുമാറിന് ചില കേന്ദ്രങ്ങളുടെ പിന്തുണയുണ്ട്. അനിൽ കാന്തിനെ മേധാവിയാക്കിയെങ്കിലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ വിശ്വസ്തരായ പദ്കുമാറിനെ പൊലീസ് ആസ്ഥാനത്തും എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിലും നിയമിച്ചാണു പൊലീസ് ഭരണം മുന്നോട്ടു കൊണ്ടു പോയത്. അതിനാൽ പത്മകുമാർ പൊലീസ് ഡിജിപിയാകാനുള്ള സാധ്യത ഏറെയാണ്.

കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള രാവാഡ ചന്ദ്രശേഖർ, സിആർപിഎഫ് എഡിജിപി നിതിൻ അഗർവാൾ, ഹരിനാഥ് മിശ്ര എന്നിവരെ യുപി എസ് സി മുമ്പോട്ട് വച്ചാൽ കേരളത്തിന്റെ താൽപ്പര്യങ്ങൾ അട്ടിമറിക്കപ്പെടും. പത്മകുമാർ ഡിജിപിയാകുന്നതോടെ ഹെഡ്ക്വാർട്ടേഴ്‌സിലും ഷെയ്ഖ് ദർവേഷ് സാഹിബിന്റെ ഒഴിവിൽ ക്രൈംബ്രാഞ്ചിലും എഡിജിപിമാരെ കണ്ടെത്തണം.

ഇന്റലിജൻസ്, സൈബർ വിങ് എന്നീ പദവികളിലും പുതിയ എഡിജിപിമാരെ നിയമിക്കണം. 8 എസ്‌പിമാരും നാളെ വിരമിക്കുന്നുണ്ട്. ഇതിൽ 3 പേർ ഐപിഎസ് കൺഫർ ചെയ്തവരാണ്. ഇവർക്കെല്ലാം പകരക്കാരെ നിശ്ചയിക്കണം. ഇതും സമ്പൂർണ്ണ പൊലീസ് അഴിച്ചു പണിക്ക് വഴിയൊരുക്കും

LEAVE A REPLY

Please enter your comment!
Please enter your name here