കുമളി: കുമളി ചെക്‌പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാതെ സൂക്ഷിച്ച പണം കണ്ടെത്തി. മോട്ടർ വാഹന, മൃഗസംരക്ഷണ വകുപ്പുകളുടെയും എക്‌സൈസിന്റെയും ചെക്‌പോസ്റ്റുകളിലായിരുന്നു പരിശോധന. ഈ മൂന്നു ചെക്‌പോസ്റ്റുകളും പ്രവർത്തിക്കുന്ന കെട്ടിടത്തിലെ വൈദ്യുത മീറ്റർ സ്ഥാപിച്ച ബോക്‌സിൽ നിന്ന് 2100 രൂപ കണ്ടെത്തി. ഇതിനു പുറമേ, മോട്ടർ വാഹന വകുപ്പ് ചെക്‌പോസ്റ്റിൽ നിന്ന് കണക്കിൽപ്പെടാത്ത 2100 രൂപയും മൃഗസംരക്ഷണ വകുപ്പിന്റെ ഇന്റർ ടെസ്റ്റ് ചെക്‌പോസ്റ്റിൽനിന്ന് കണക്കിൽപ്പെടാത്ത 305 രൂപയും കണ്ടെടുത്തു.
കോട്ടയം വിജിലൻസ് എസ്‌പി വി.ജി.വിനോദ്കുമാറിന്റെ നിർദേശത്തെ തുടർന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഇടുക്കി യൂണിറ്റ് ഡിവൈഎസ്‌പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്. കഴിഞ്ഞ ഡിസംബറിൽ എക്‌സൈസ് വിജിലൻസ് നടത്തിയ പരിശോധനയിൽ, അനധികൃതമായി സൂക്ഷിച്ച പണം കണ്ടെത്തിയിരുന്നു. തുടർന്ന്, ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. പൊലീസ് വിജിലൻസ് നടത്തിയ പരിശോധനയിൽ മോട്ടർ വാഹന വകുപ്പ് ചെക്‌പോസ്റ്റിൽ നിന്ന് 4000 രൂപയും കണ്ടെടുത്തിരുന്നു.