ടൈംസ് നൗ റിപ്പോർട്ടർ അറസ്റ്റിലായ സംഭവം രാഷ്ട്രീയ വിവാദത്തിലേക്ക്

0

പഞ്ചാബിൽ ദലിത് സ്ത്രീയെ വാഹനമിടിച്ചു പരുക്കേൽപിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന കേസിൽ ടൈംസ് നൗ റിപ്പോർട്ടർ അറസ്റ്റിലായ സംഭവം രാഷ്ട്രീയ വിവാദത്തിലേക്ക്. വനിതാ പൊലീസില്ലാതെയുള്ള അറസ്റ്റ് ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും രംഗത്തെത്തി. ടൈംസ് നൗ റിപ്പോർട്ടർ ഭാവന കിഷോറിനു പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഇന്നലെ പ്രത്യേക സിറ്റിങ്ങിൽ നാളെവരെ ഇടക്കാല ജാമ്യം അനുവദിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാൻ 45 കോടി രൂപ മുടക്കിയെന്ന ‘ഓപ്പറേഷൻ ശീഷ് മഹൽ’ റിപ്പോർട്ട് ഭാവനയുടേതായിരുന്നു.

ഭാവനയെയും ക്യാമറാമാൻ മൃത്യുഞ്ജയ് കുമാർ, ഡ്രൈവർ പരമിന്ദർസിങ് എന്നിവരെയും വെള്ളിയാഴ്ചയാണ് ലുധിയാന പൊലീസ് അറസ്റ്റ് ചെയ്തത്. കേജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും പങ്കെടുക്കുന്ന മൊഹല്ല ക്ലിനിക് ഉദ്ഘാടനചടങ്ങ് റിപ്പോർട്ട് ചെയ്യാൻ പോകുമ്പോഴായിരുന്നു അപകടം. പട്ടികവിഭാഗ സംരക്ഷണനിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയ കേസിൽ കോടതി 3 പേരെയും രണ്ടാഴ്ചത്തെ ജുഡീഷ്യൽ റിമാൻഡിൽ വിട്ടെങ്കിലും ഭാവന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭാവനയല്ല വാഹനമോടിച്ചതെന്നു ചൂണ്ടിക്കാട്ടിയുള്ള വിഡിയോ ദൃശ്യങ്ങൾ ടൈംസ് നൗ ചാനൽ പുറത്തുവിട്ടു.

Leave a Reply