കപ്പല്‍ പിടിച്ചതു സമുദ്രാതിര്‍ത്തിക്ക് പുറത്ത് ; ഇന്ത്യക്കു കേസെടുക്കാനാവില്ലെന്നു മയക്കുമരുന്നുമായ പിടിയിലായ പാകിസ്താന്‍ പൗരന്‍; പിടിച്ച സ്ഥലം തെളിയിക്കല്‍ എന്‍.സി.ബിയ്ക്കു കീറാമുട്ടി

0


കൊച്ചി: പുറംകടലില്‍ മയക്കുമരുന്ന് കപ്പല്‍ പിടിച്ചതു ഇന്ത്യയുടെ എക്‌സ്‌ക്ലുസീവ് ഇക്കണോമിക് സോണിനു പുറത്തുവച്ചെന്നു പിടിയിലായ പാകിസ്താന്‍ പൗരന്‍ സുബൈര്‍. അതിനാല്‍ ഇന്ത്യക്കു തനിക്കെതിരേ കേസെടുക്കാനാവില്ലെന്നുമാണു ഇയാളുടെ വാദം. ജാമ്യാപേക്ഷ പരിഗണിക്കവേയാണു ഈ വാദമുയര്‍ത്തിയത്. ഇതു സംബന്ധിച്ചു നേരിട്ടു റിപ്പോര്‍ട്ടു നല്‍കാന്‍ എന്‍.സി.ബിക്കു കോടതി നിര്‍ദേശം നല്‍കി.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ എവിടെ വെച്ചാണ് പാക് പൗരനെ പിടികൂടിയതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ദേശം പുറപ്പെടുവിച്ചത്. പ്രതിയുടെ കസ്റ്റഡി അപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് നാളെ വീണ്ടും പരിഗണിക്കും.

പിടികൂടിയ സ്ഥലം തെളിയിക്കല്‍ എന്‍.സി.ബിയ്ക്കു കീറാമുട്ടിയാകും. 200 നോട്ടിക്കല്‍ മൈലിനപ്പുറം രാജ്യാന്തര സമുദ്ര പാതയാണ്. അവിടെ ഒരു രാജ്യത്തിനും അധികാരമില്ല. ഐക്യരാഷ്ട്ര സംഘടനയുടെ നിയന്ത്രണത്തിലാണിത്. ഈ പാതയിലൂടെ നീങ്ങവേയാണു ഇന്ത്യന്‍ നേവിയും എന്‍.സി.ബിയും ചേര്‍ന്നു പിടികൂടിയതെന്നാണു സുബൈര്‍ പറയുന്നത്. അതിനാല്‍, ഈ കേസ് കൈകാര്യം ചെയ്യാനുള്ള അധികാരം രാജ്യാന്തര മാരിടൈം കോടതിക്കാണെന്നും അവര്‍ക്കു കേസ് കൈമാറണമെന്നും ഇയാള്‍ വാദിക്കാന്‍ സാധ്യതയുണ്ട്.

താന്‍ പാകിസ്താനില്‍ ജീവിക്കുന്ന ഇറാന്‍ അഭയാര്‍ഥിയാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. രാജ്യാന്തര അഭയാര്‍ഥി നിയമപ്രകാരവും തനിക്കെതിരേ നടപടി സ്വീകരിക്കാന്‍ ഇന്ത്യക്ക് അധികാരമില്ലെന്നും അതിനാല്‍, തന്റെ മാതൃരാജ്യമായ ഇറാനു കൈമാറണമെന്നും ഇയാള്‍ ആവശ്യപ്പെട്ടേക്കും. രാജ്യാന്തര കപ്പല്‍ ചാലിലൂടെ പോകുകയായിരുന്ന കപ്പലാണ് നേവി പിടികൂടിയത്. തങ്ങള്‍ പിന്തുടര്‍ന്നതോടെ മയക്കുമരുന്ന് കയറ്റിയ ഉരു ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ കയറിയപ്പോഴാണു പിടികൂടിയതെന്നാണു നേവിയുടെ വാദം.

കപ്പല്‍ സമുദ്രാതിര്‍ത്തി കടന്നുവെന്നു തെളിയിക്കാനായില്ലെങ്കില്‍ ഇയാളെ പാകിസ്താനു വിട്ടുകൊടുക്കേണ്ടി വന്നേക്കും. അതേസമയം, ഏതു രാജ്യത്തിനും മയക്കുമരുന്ന് പിടികൂടാനും തുടര്‍ നിയമനടപടികള്‍ സ്വീകരിക്കാനും അധികാരം നല്‍കുന്ന രാജ്യാന്തര കരാറുകള്‍ നിലവിലുണ്ടെന്നതു എന്‍.സി.ബി. ചൂണ്ടിക്കാട്ടും.

ഇറാനിലെ മക്രാന്‍ തുറമുഖത്തു നിന്ന്, 25,000 കോടി രൂപ വിലവരുന്ന 2500 കിലോഗ്രാം രാസലഹരി മരുന്നുമായി പുറപ്പെട്ട പാക് ഉരു ഇന്ത്യന്‍ സമുദ്രമേഖലയില്‍ പ്രവേശിച്ചതോടെ നാവികസേനയുടെ നിരീക്ഷണത്തിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here