‘ദിസ് ഈസ് ഓൾ ഇന്ത്യ റേഡിയോ’ എന്ന വാചകം ഇനി റേഡിയോയിൽ നിന്നും ഉയരില്ല

0

ന്യൂഡൽഹി: ‘ദിസ് ഈസ് ഓൾ ഇന്ത്യ റേഡിയോ’ എന്ന വാചകം ഇനി റേഡിയോയിൽ നിന്നും ഉയരില്ല. പ്രസാർ ഭാരതിയുടെ റേഡിയോ ശൃംഖല ഇനി ‘ആകാശവാണി’ എന്ന പേരിൽ മാത്രം അറിയപ്പെടും. വർഷങ്ങൾക്കു മുൻപേയുള്ള തീരുമാനമാണ് ഇപ്പോൾ നടപ്പിലായത്. ഇതു സംബന്ധിച്ച് ഡയറക്ടർ ജനറൽ വസുധ ഗുപ്ത ബുധനാഴ്ച ഉത്തരവു നൽകി. വർഷങ്ങൾക്കു മുൻപേയുള്ള തീരുമാനം ഇപ്പോൾ നടപ്പാക്കുക മാത്രമാണു ചെയ്യുന്നതെന്ന് പ്രസാർ ഭാരതി സിഇഒ ഗൗരവ് ദ്വിവേദി പറഞ്ഞു.

പ്രസാർ ഭാരതിയുടെ കീഴിലുള്ള റേഡിയോ ഓഫിസുകൾ, സ്റ്റേഷനുകൾ, മറ്റു സംരംഭങ്ങൾ എന്നിവയെല്ലാം ‘ആകാശവാണി’ എന്നറിയപ്പെടുമെന്നാണ് 1990 ലെ പ്രസാർ ഭാരതി (ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ ഓഫ് ഇന്ത്യ) ചട്ടത്തിൽ വ്യക്തമാക്കുന്നത്. 1997 നവംബർ 15നു നിയമം പ്രാബല്യത്തിൽ വന്നെങ്കിലും ‘ഓൾ ഇന്ത്യ റേഡിയോ’ എന്ന് ശൃംഖല അറിയപ്പെടുന്നത് തുടർന്നു. വാർത്താ അവതാരകരും ആർജെകളുമെല്ലാം ഇത്തരത്തിലാണു പരിപാടികൾ അവതരിപ്പിച്ചിരുന്നതും. ഇതിനാണ് അവസാനമാകുന്നത്.

1939 ൽ രവീന്ദ്രനാഥ ടഗോറാണു ‘ആകാശവാണി’ എന്ന് ഓൾ ഇന്ത്യ റേഡിയോയെ ആദ്യം വിശേഷിപ്പിച്ചത്. കൽക്കട്ട ഷോർട്വേവ് സർവീസിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി അദ്ദേഹം എഴുതിയ കവിതയിലായിരുന്നു ഇത്. 1923 ജൂണിൽ രാജ്യത്ത് റേഡിയോ സർവീസ് തുടങ്ങിയതെങ്കിലും 1936 ജൂൺ 8ന് ആണ് ഓൾ ഇന്ത്യ റേഡിയോ ഔപചാരികമായി ആരംഭിച്ചത്. നിലവിൽ 470 പ്രക്ഷേപണ കേന്ദ്രങ്ങളിൽ നിന്നായി 23 ഭാഷകളിൽ സേവനമുണ്ട്.

Leave a Reply