തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങിയത് തീരത്തിന് 300 മീറ്റര്‍ അകലെ ; യാത്ര നടത്തിയത് കയറ്റാവുന്നതിന്റെ മൂന്നിരട്ടിയാളുകളുമായി ; അപകടവിവരം പുറത്തറിയാനും വൈകി

0


താനൂര്‍: കയറ്റാവുന്നതിന്റെ മൂന്നിരട്ടിയാളുകളുമായി നടത്തിയ യാത്രയാണ് തൂവല്‍തീരത്തെ കണ്ണീരിലാക്കിയതെന്ന് നാട്ടുകാര്‍. 15 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ബോട്ടിലാണ് നാല്‍പതോളം പേരേ കയറ്റിയതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.

തീരത്തിന് 300 മീറ്റര്‍ അകലെ തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങുകയായിരുന്നു. രാത്രി ഒമ്പതരയോടെയാണ് ബോട്ട് കരയിലെത്തിക്കാനായത്. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്നത്. ആറു മണിവരെയാണ് സര്‍വീസിന് അനുമതിയുണ്ടായിരുന്നത്. എന്നാല്‍ അത് ലംഘിച്ചാണ് ഏഴ് മണിക്ക് സര്‍വീസ് നടത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു.

സ്ഥിരമായി രാത്രിയിലും സര്‍വ്വീസ് നടത്താറുണ്ട്. അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി,കോട്ടക്കല്‍, താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. മലപ്പുറത്തുനിന്നും കോഴിക്കോടു നിന്നുമുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും ദുരന്തനിവാരണ സേനയും രംഗത്തെത്തി.

വെളിച്ചക്കുറവ് തൂവല്‍തീരത്ത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുമ്പുതന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. ചെറിയ വള്ളങ്ങളില്‍ നാട്ടുകാര്‍ അപകടസ്ഥലത്തുനിന്ന് ഓരോരുത്തരെയായി രക്ഷിക്കുകയായിരുന്നു ആദ്യം ചെയ്തത്. പ്രദേശത്ത് ആള്‍ക്കൂട്ടം വര്‍ധിച്ചതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. അപകടവിവരം പുറത്തറിയാനും വൈകിയെന്നാണ് സൂചന. ഫയര്‍ഫോഴ്‌സിനും വെളിച്ചം ക്രമീകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായി. അപകടം രാത്രി ഏഴിനു ശേഷമായിരുന്നു.

Leave a Reply