അരിക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു

0

കാടിറങ്ങിയ ഒറ്റയാൻ അരിക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു. തമിഴ്‌നാട് കമ്പം സ്വദേശി പാൽരാജ് ആണ് മരിച്ചത്. കമ്പം ടൗണിൽ അരിക്കൊമ്പൻ തകർത്ത ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ആളാണ് പാൽരാജ്. തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണം.

തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയാണ് പാൽരാജ് മരിച്ചത്. അരിക്കൊമ്പൻ കമ്പം ടൗണിലൂടെ ഓടിനടക്കുകയും വാഹനങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇതിനിടെ കുത്തിമറിച്ച ഓട്ടോറിക്ഷയിൽ ഇരുന്നയാളാണ് പാൽരാജ്. ഓട്ടോയുടെ ഡ്രൈവറായിരുന്നു. തലയ്ക്കു പുറമേ ആന്തരികാവയവങ്ങൾക്കും പരുക്കേറ്റിരുന്നു. എല്ലുകൾ ഒടിഞ്ഞുപോയിരുന്നു. ആന്തരിക രക്തസ്രാവമുണ്ടായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

അതേസമയം, അരിക്കൊമ്പൻ ഷൺമുഖനദി ഡാമിന്റെ സമീപത്തേക്ക് നീങ്ങുന്നതായുള്ള സിഗ്‌നലുകൾ വനംവകുപ്പിന് ലഭിച്ചു. വെറ്ററിനറി സർജന്മാർ ഉൾപ്പെടുന്ന സംഘത്തിന്റെ നിരീക്ഷണവലയത്തിലാണ് നിലവിൽ അരിക്കൊമ്പനുള്ളത്. തമിഴ്‌നാട് വനംവകുപ്പിന്റെ കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തേക്കെത്തി. ഷണ്മുഖ നദി ഡാമിന് സമീപത്ത് നിന്ന് അരിക്കൊമ്പൻ വനത്തിലേക്ക് നീങ്ങുന്നതായാണ് വിവരം. യോജിച്ച സ്ഥലം കിട്ടിയാൽ മയക്കുവെടി വയക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി എല്ലാവിധ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവിൽ അരിക്കൊമ്പന്റെ ഓരോ ചലനങ്ങളും ദൗത്യസംഘം നിരീക്ഷിച്ച് വരികയാണ്.

കഴിഞ്ഞ ദിവസം കാട്ടിൽ നിന്ന് പുറത്തിറങ്ങാതെ വനാതിർത്തിയിലൂടെയായിരുന്നു അരിക്കൊമ്പന്റെ സഞ്ചാരം. ഇത് ദൗത്യത്തിന് വലിയ തിരിച്ചടി ആകുന്നുണ്ട്.ദൗത്യത്തിന് നിയോഗിച്ച സംഘം ഏത് നിമിഷവും മയക്കു വെടി വയ്ക്കാൻ സജ്ജമാണ്. എന്നാൽ മേഘമലയിലേക്ക് ആനയെ കയറ്റി വിടാനുള്ള ശ്രമവും നടക്കുന്നുണ്ട്. അതിനിടെ, അരിക്കൊമ്പന്റെ തുമ്പി കൈയിൽ ഏറ്റ മുറിവ് വനം വകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. പെരിയാർ കടുവാ സങ്കേതത്തിന്റെ മേഘമല അതിർത്തിയിൽനിന്ന് 11 കിലോമീറ്റർ ആകാശദൂരത്തിൽ തിങ്കൾ ഉച്ചയോടെ ആന നിലയുറപ്പിച്ചതായി തേക്കടിയിൽ സിഗ്‌നൽ ലഭിച്ചു.

ആന നിൽക്കുന്ന വനത്തിന് പുറത്ത് പൊലീസ്, വനം, റവന്യൂ ഉദ്യോഗസ്ഥരുടെ വലിയസംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. വനമേഖലയ്ക്ക് പുറത്തെ കാർഷികമേഖലയിൽ ആന വലിയതോതിൽ നാശം വരുത്തിയതായി കർഷകർ പറഞ്ഞു. ആനയുടെ സാന്നിധ്യം കണക്കിലെടുത്ത് പ്രദേശത്തേക്കുള്ള കൂത്തനായി കോവിൽ റോഡ് രണ്ട് കിലോമീറ്റർ അപ്പുറത്തായി തമിഴ്‌നാട് പൊലീസ് അടച്ചിരിക്കുകയാണ്. സുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള റോഡും പൂർണമായും അടച്ചു. രണ്ടുദിവസമായി ഈ പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്.

ആന പുറത്തിറങ്ങിയാൽ ഏതുസമയത്തും മയക്കുവെടി വയ്ക്കാൻ പാകത്തിൽ ഡോ. പ്രകാശിന്റെ നേതൃത്വത്തിൽ വെറ്ററിനറി ഡോക്ടർമാരുടെ സംഘവും സ്ഥലത്തുണ്ട്. ഈ പ്രദേശത്തേക്ക് മാധ്യമ പ്രവർത്തകരെയും കടത്തിവിടുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here