കാർ പ്രസവമുറിയായി; മെഡിക്കൽ കോളേജിന് മുന്നിലെത്തിയ കാറിൽ ഇട്ടക്കുട്ടികൾക്ക് ജന്മം നൽകി യുവതി; അമ്മയും മക്കളും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ

0


കണ്ണൂർ: കാറിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി യുവതി. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന്റെ ഇടനാഴിയിലെത്തിയ കാറാണ് ലേബർ റൂമായി മാറിയത്. പ്രസവ വേദനയെ തുടർന്ന് കാറിൽ ആശുപത്രിയിലെത്തിയ യുവതി കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിന് മുന്നേ പ്രസവം നടക്കുക ആയിരുന്നു. വിവരം അറിഞ്ഞ് ഓടിയെത്തിയ ഡോക്ടർമാരുടെ പരിചരണത്തിൽ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. അമ്മയും കുട്ടികളും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.

ചിറക്കൽ സ്വദേശിനിയായ 28 വയസ്സുകാരിയാണ് കാറിനുള്ളിൽ പ്രസവിച്ചത്. കഴിഞ്ഞ ദിവസമാണ് പ്രസവ വേദനയുമായി പുലർച്ചെ 3.30യോടെ യുവതിയും ബന്ധുക്കളും പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് എത്തിയത്. എന്നാൽ അത്യാഹിത വിഭാഗത്തിനു സമീപത്തെ ഇടനാഴിയിൽ കാർ എത്തിയതിന് പിന്നാലെ തന്നെ യുവതിയുടെ പ്രസവം നടക്കുക ആയിരുന്നു. കാർ നിർകത്തി യുവതിയെ ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ കാറിൽ തന്നെ കുഞ്ഞിന്റെ തല ഭാഗം പുറത്തേക്കു വന്നു. ഇതോടെ അപകടാവസ്ഥ മനസ്സിലാക്കിയ ഡോക്ടർമാർ രോഗിയെ കൊണ്ടുവന്ന കാറിൽ തന്നെ പ്രസവം നടത്തുകയായിരുന്നു.

ഈ കുട്ടിയുടെ പൊക്കിൾക്കൊടി കഴുത്തിനു ചുറ്റിയ നിലയിലായിരുന്നു. അതേസമയം രണ്ടാമത്തെ കുട്ടി അപകടകരമായ നിലയിൽ പിൻഭാഗം പുറത്തുവന്ന നിലയിലാണു കണ്ടത്. കുട്ടികളെ ഇപ്പോൾ വെന്റിലേറ്ററിൽ നിന്നു മാറ്റി.

Leave a Reply