16 കാരിയെ പിതാവായ 47കാരൻ പീഡിപ്പിച്ചത് പത്താംവയസ്സു മുതൽ

0

മലപ്പുറം: 16 കാരിയെ പിതാവായ 47കാരൻ പീഡിപ്പിച്ചത് പത്താംവയസ്സു മുതൽ. ഇതിന് പിന്നാലെ 85കാരനായ മുത്തച്ഛനും പീഡിപ്പിച്ചു. കുട്ടി ഗർഭിണിയായതോടെ, ഉത്തരവാദിയെ തേടി മൂവരെയും പൊലീസ് ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കി. താൻ സ്വന്തം മകളെ പീഡിപ്പിച്ചെന്ന് പിതാവ് സമ്മതിച്ചു. മലപ്പുറത്ത് പതിനാറുകാരി ഗർഭിണിയായ സംഭവത്തിലാണു കൊടുംക്രൂരതയുടെ കഥകൾ പുറത്തുവരുന്നത്.

പിതാവിനെതിരെ അരീക്കോട് പൊലീസ് സ്റ്റേഷനിലും മുത്തച്ഛനെതിരെ കൊണ്ടോട്ടി പൊലീസിലുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവിൽ രണ്ടുപേരും റിമാൻഡിലാണ്. മുത്തച്ഛനെ തെളിവെടുപ്പിനായി ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പിതാവ് കഴിഞ്ഞ 15 ദിവസമായി മഞ്ചേരി സബ്ജയിലിൽ റിമാൻഡിലാണ്.

ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. നാലു മക്കളുള്ള കുടുംബത്തിലെ പെൺകുട്ടിക്കാണു ഇത്തരത്തിൽ പീഡനങ്ങൾക്ക് ഇരയാകേണ്ടി വന്നത്. തന്നെ 10വയസ്സുമുതൽ പിതാവ് പീഡിപ്പിച്ചതായാണ് പെൺകുട്ടി മൊഴിയെടുത്തപ്പോൾ പറഞ്ഞത്.

നാലു മക്കളിൽ രണ്ടു ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമാണുള്ളത്. മറ്റൊരു പെൺകുട്ടി ചെറിയ കുട്ടിയാണ്. ഇവരുടെ മാതാവ് സാധാരണ ഒരു നാട്ടിൻപുറത്തുകാരിയാണ്. ഇവർ കാര്യഗൗരവം മനസ്സിലാക്കാതിരുന്നതുകൊണ്ടാണ്, ഇത്തരം അനിഷ്ട സംഭവം ഉണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മക്കളെ കുറിച്ചും ഇത്തരത്തിലുള്ള വിഷയങ്ങളെ കുറിച്ചും ഇവർ കാര്യബോധമില്ലാത്ത രീതിയിലാണു സംസാരിച്ചത്. പെൺകുട്ടി പീഡനത്തിനിരയായ വിവരം മാതാവും സഹോദരങ്ങളുമൊന്നും അറിഞ്ഞിരുന്നില്ല. പെൺകുട്ടി ഗർഭിണിയായതോടെയാണു ഇവരും അറിഞ്ഞതെന്നാണ് വിവരം.

പിതാവ് പലവട്ടം പീഡനത്തിനിരയാക്കുമ്പോഴും ഇതൊന്നും തെറ്റല്ലെന്നും ആരോടും പുറത്തു പറയാതിരുന്നാൽ മതിയെന്നും പറഞ്ഞ് പഠിപ്പിക്കുകയായിരുന്നു. ഇതിനാൽ തന്നെ ചെറുപ്രായത്തിൽ പീഡനത്തിന് വിധേയമായ പെൺകുട്ടിക്ക് ഇതൊരു അപരാധമായി തോന്നിയതുമില്ല.

പിന്നീടാണ് മലപ്പുറം കൊണ്ടോട്ടി സ്റ്റേഷൻ പരിധിയിലുള്ള പിതാവിന്റെ തറവാട്ടു വീട്ടിൽ താമസിക്കാനെത്തിയപ്പോൾ മുത്തച്ഛനും ലൈംഗികമായി പീഡിപ്പിച്ചത്. നേരത്തെ പിതാവ് സ്ഥിരമായി പീഡനത്തിന് ഇരയാക്കിയതിനാൽ തന്നെ അത്ര വലിയ അപരാധമായി പെൺകുട്ടി മനസ്സിലാക്കിയതുമില്ല. മുത്തച്ഛൻ സംഭവം പുറത്തുപറയരുതെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയ മുത്തച്ഛനെ പൊലീസ് മഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ച് ഡി എൻ എ പരിശോധനക്കായി രക്തസാമ്പിൾ ശേഖരിച്ചു. നേരത്തെ തന്നെ പെൺകുട്ടിയുടേയും പിതാവിന്റേയും രക്തസാമ്പിളുകൾ തൃശൂർ ഫോറൻസിക് ലാബിലേക്ക് ഡി.എൻ.എ പരിശോധനക്ക് അയച്ചിരുന്നു.

പെൺകുട്ടി ഛർദിക്കുകയും മറ്റും ചെയ്തതോടെയാണു വീട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് ഗർഭിണിയായ കാര്യം അറിയുന്നത്. തുടർന്നു പൊലീസിനെ വിവരം അറിയിച്ചതു പ്രകാരം കൗൺസിലിങ് നൽകി പെൺകുട്ടിയുടെ മൊഴിയെടുക്കുകയായിരുന്നു. പിതാവ് അരീക്കോട് സ്റ്റേഷൻ പരിധിയിലായതിനാൽ അരീക്കോടും മുത്തച്ഛൻ കൊണ്ടോട്ടി സ്റ്റേഷൻ പരിധിയിലായതിനാൽ കൊണ്ടോട്ടിയിലും പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടി ദിവസങ്ങളോളം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Leave a Reply