അരിക്കൊമ്പനെ പിടിക്കണമെന്ന്‌ തമിഴ്‌നാട്‌ വനംവകുപ്പ്‌; നിയമോപദേശം തേടി

0

കൊച്ചി : തമിഴ്‌നാട്ടിലെ മേഘമലയില്‍ അരിക്കൊമ്പന്‍ വീടുകള്‍ തകര്‍ക്കുകയും ആളുകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ആനയെ പിടികൂടി കൂട്ടിലടയ്‌ക്കാന്‍ തമിഴ്‌നാട്‌ നീക്കം. ഇക്കാര്യത്തില്‍ തമിഴ്‌നാട്‌ വനംവകുപ്പ്‌ നിയമോപദേശം തേടി.
ആന അക്രമം തുടരുന്ന സാഹചര്യത്തില്‍ പിടികൂടുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണു തമിഴ്‌നാട്‌ വനം ഉദ്യോഗസ്‌ഥരുടെ നിലപാട്‌. അവര്‍ ഇക്കാര്യം തമിഴ്‌നാട്‌ മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിനെ ധരിപ്പിച്ചു. മേഘമല നിവാസികളും ആനയെ പിടികൂടി കൂട്ടിലടയ്‌ക്കണമെന്നു എം.കെ. സ്‌റ്റാലിനു നിവേദനം നല്‍കിയിട്ടുണ്ട്‌.
കേരള ഹൈക്കോടതി ഉത്തരവുപ്രകാരമാണു അരിക്കൊമ്പനെ ചിന്നക്കനാലില്‍നിന്നു പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു മാറ്റിയത്‌. കൂട്ടിലടയ്‌ക്കുന്നതു ഹൈക്കോടതി വിലക്കിയ സാഹചര്യത്തില്‍ തമിഴ്‌നാട്‌ പിടികൂടി കൂട്ടിലടച്ചാല്‍ നിയമപ്രശ്‌നമാകുമോഎന്നാണു പരിശോധിക്കുന്നത്‌. കേരളത്തിലെ കേസിലാണു ഹൈക്കോടതി നടപടിയെന്നും തമിഴ്‌നാടിനു ബാധകമല്ലെന്നുമാണു അവര്‍ പറയുന്നത്‌.
വൈകാതെ ആനയെ പിടികൂടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുമെന്നാണു കരുതുന്നതെന്നു തമിഴ്‌നാട്‌ വനംവകുപ്പ്‌ വൃത്തങ്ങള്‍ പറഞ്ഞു. ആനയെ പിടികൂടി മുതുമല വന്യജീവി സങ്കേതത്തിലോ പറമ്പിക്കുളം വനമേഖലയോടു ചേര്‍ന്നുള്ള ആനമല വന്യജീവി സങ്കേതത്തിലെ കോഴിക്കാമുതി ടോപ്പ്‌സ്ലിപ്പ്‌ ആന കേന്ദ്രത്തിലോ എത്തിക്കാനാണ്‌ ആലോചന. ടോപ്പ്‌സ്ലിപ്പില്‍ 28 ആനകളുണ്ട്‌. പരിശീലനം നല്‍കിയശേഷം മികച്ച കുങ്കിയാനയാക്കി മാറ്റാന്‍ കഴിയുമെന്നാണു തമിഴ്‌നാട്‌ വനംവകുപ്പിന്റെ വിലയിരുത്തല്‍. പിടിച്ചശേഷം കമ്പം, തേനി, പൊള്ളിച്ചി വഴി ആറു മണിക്കുറിനകം ആനമലയിലെത്താന്‍ കഴിയും.
വീണ്ടും മയക്കുവെടി വച്ചാല്‍ അതു താങ്ങാനുള്ള ശേഷി ഇപ്പോള്‍ അരിക്കൊമ്പനില്ല. അതിനാല്‍, ആരോഗ്യം വീണ്ടെടുത്തശേഷമാകും നടപടി.

Leave a Reply