സുജാതയ്ക്ക് കൂട്ടായി ഇനി ആ അമ്മ ഇല്ല; 35 വർഷം മകളുടെ കയ്യും കാലുമായി നിന്ന അന്നമ്മ യാത്രയായി

0


ചെറുതോണി: മുരിക്കാശേരി ബസ് അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ മകൾ തടിയമ്പാട് പെരുമ്പാട്ട് സുജാത കുര്യാക്കോസിന് കാവലായും കരുതലായും നിന്ന ആ അമ്മ യാത്രയായി. 35 വർഷം മകൾക്കു വേണ്ടി മാത്രം നിലകൊണ്ട അന്നമ്മ ചൊവ്വാഴ്ചയാണ് മരിച്ചത്. അന്നമ്മയുടെ (അച്ചാമ്മ79) സംസ്‌കാരം വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ ഇന്നലെ നടന്നു.രോഗങ്ങളാൽ ദുരിതം അനുഭവിച്ചിരുന്ന അന്നമ്മ ഏതാനും മാസമായി കിടപ്പിയിലായിരുന്നു.

1988 ഡിസംബർ ഏഴിനുണ്ടായ മുരിക്കാശേരി വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായതാണ് സുജാത. അന്ന് പാവനാത്മാ കോളജിലെയും സമീപത്തെ പാരലൽ കോളജിലെയും നൂറോളം വിദ്യാർത്ഥികളുമായി ചെറുതോണിയിലേക്കു പുറപ്പെട്ട ബസ് ഉപ്പുതോടിനു സമീപം പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് സുജാതയ്ക്കു ഗുരുതരമായി പരുക്കേറ്റത്. അപകടത്തിൽ എട്ടു വിദ്യാർത്ഥികൾ മരിച്ചിരുന്നു. ഒട്ടേറെപ്പേർക്ക് സാരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരുക്കേറ്റ ഏതാനും വിദ്യാർത്ഥികൾ പിന്നീടു മരിച്ചു.

പാവനാത്മാ കോളജിലെ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്ന സുജാതയ്ക്ക് അന്നത്തെ അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ് കിടപ്പിലായി. സുജാതയുടെ ചികിത്സയ്ക്കായി ആശുപത്രികൾ കയറി ഇറങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ല. അതോടെ കിടപ്പിയിലായ സുജാതയ്ക്കു ഇക്കാലമത്രയും താങ്ങും തണലുമായി നിന്നത് അമ്മ അന്നമ്മയായിരുന്നു.

തടിയമ്പാട് ടൗണിനോടു ചേർന്നുള്ള ചെറിയ വീട്ടിൽ സുജാത വായനയുടെയും എഴുത്തിന്റെയും പുതിയൊരു ലോകം സൃഷ്ടിച്ചപ്പോൾ കയ്യും കാലുമെല്ലാം അന്നമ്മയായിരുന്നു. മകളുടെ ഇഷ്ടങ്ങൾക്കുമപ്പുറത്തേക്കു മറ്റൊരു ലോകവും ആ അമ്മയ്ക്ക് ഇല്ലായിരുന്നു. തണലായി നിന്ന ഭർത്താവ് കുര്യാക്കോസ് വർഷങ്ങൾക്കു മുൻപ് മരിച്ചതോടെ മറ്റു മക്കളും കൊച്ചു മക്കളുമായിരുന്നു ഇവർക്ക് കരുത്ത്. വേർപിരിഞ്ഞ അമ്മയുടെ ഓർമകൾ വേദനയാകുന്നുണ്ടെങ്കിലും സഹോദരങ്ങളുടെയും അവരുടെ മക്കളുടെയും കൈത്താങ്ങിൽ സുരക്ഷിതയാണ് സുജാത.

Leave a Reply