കക്കുകളി നാടകത്തിനെതിരെ രമേശ് ചെന്നിത്തല

0

കക്കുകളി നാടകത്തിനെതിരെ രമേശ് ചെന്നിത്തല. ആവിഷ്‌ക്കാര സ്വാതന്ത്യത്തിന്റെ മറവിൽ ക്രൈസ്തവ സന്യസ്ത സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന കക്കുകളി നാടകത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് എറ്റവും പവിത്രമായ ഒന്നാണ് സന്യസ്തം. ലോകം മുഴുവൻ സന്യസ്ത സമൂഹം നൽകിയിട്ടുള്ള സംഭാവനകൾ നിസ്തുലമാണ്. വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹിക സേവനം, രോഗീ ശുശ്രൂഷ തുടങ്ങിയ മേഖലകളിൽ നൂറ്റാണ്ടുകളായി സന്യസ്തർ നൽകിക്കൊണ്ടിരിക്കുന്ന കാരുണ്യത്തിന്റെ പ്രവർത്തികളെ തമസ്‌കരിക്കുകയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.

ക്രൈസ്തവ സന്യസ്ത സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന കക്കുകളി നാടകത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കക്കുകളി നാടകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മതമൈത്രി ദുർബലമാക്കുന്ന ഒന്നും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വിശ്വാസങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണ് നാടകത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ഞങ്ങൾ ആരും ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് എതിരുമല്ല. എന്നാൽ ആവിഷ്‌ക്കാര സ്വാതന്ത്രത്തിന്റെ മറവിൽ കേരളത്തിലെ മതസൗഹാർദം തകർക്കാൻ നടക്കുന്ന ശ്രമങ്ങളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇക്കാര്യങ്ങൾ സ്വയം വിലയിരുത്തി നാടകവുമായി ബന്ധപ്പെട്ടവർതന്നെ നാടകം പിൻവലിക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply