പവാർ എൻസിപി ദേശീയ അദ്ധ്യക്ഷനായി തുടരണമെന്ന നിലപാടിൽ രാഹുൽ ഗാന്ധിയും എം കെ സ്റ്റാലിനും; പാർട്ടിയുടെ ഭാവിയെ കരുതിയാണ് തീരുമാനമെന്ന് പവാർ; അച്ഛൻ തീരുമാനത്തിൽ ഉറച്ചുനിന്നാൽ മകൾ സുപ്രിയ സുലെ വർക്കിങ് പ്രസിഡന്റ് ആയേക്കും

0

ന്യൂഡൽഹി: ശരദ് പവാർ എൻസപി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വച്ചതിനെ ചൊല്ലിയുള്ള പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം തണുപ്പിക്കാൻ പവാർ തന്നെ നേരിട്ടെത്തി പ്രവർത്തകരോട് സംസാരിച്ചു. താൻ ഒഴിയാൻ തീരുമാനിച്ചത് പാർട്ടിയുടെ ഭാവിയെ കരുതിയാണെന്ന് പവാർ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചു.

‘ എൻസിപിയിൽ ഒരു പുതിയ മുഖമുണ്ടാകണം എന്നുഞാൻ കരുതുന്നു. ഇതിനായി ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. അവർ അന്തിമ തീരുമാനം ഉടൻ എടുക്കും’, പവാർ പറഞ്ഞു. താൻ തീരുമാനം ഒരുപക്ഷേ പിൻവലിച്ചേക്കുമെന്നും, പ്രതിഷേധം അവസാനിപ്പിക്കണമെന്നും, പ്രവർത്തകരെ ആശ്വസിപ്പിക്കാൻ വേണ്ടി അദ്ദേഹം പറഞ്ഞു. തന്റെ അമ്മാവന് തീരുമാനത്തെ കുറിച്ച് ആലോചിക്കാൻ രണ്ടുമൂന്നുദിവസം വേണമെന്ന് അനന്തരവൻ അജിത് പവാർ ചൊവ്വാഴ്ച പറഞ്ഞിരുന്നു.

എൻസിപി പാനൽ ചേരുന്നത് വെള്ളിയാഴ്ച

ദക്ഷിണ മുംബൈയിലെ എൻസിപി ഓഫീസിൽ 11 മണിക്കാണ് യോഗം. അജിത് പവാർ, സുപ്രിയ സുലെ, പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബാൽ തുടങ്ങിയ സമിതി അംഗങ്ങളാണ് കൂടിയാലോചന നടത്തുന്നത്.

അടുത്ത എൻസിപി അദ്ധ്യക്ഷൻ പവാർ കുടുംബത്തിൽ നിന്നുതന്നെയായിരിക്കുമെന്നാണ് രാഷ്ട്രീയരംഗത്തെ സംസാരം. മകൾ സുപ്രിയ സുലെയോ, അനന്തരവൻ അജിത് പവാറോ, മറ്റേതെങ്കിലും നേതാവോ, ആർക്കാവും നറുക്ക് വീഴുക എന്നതിനെ ചൊല്ലി ഊഹാപോഹങ്ങൾ ധാരാളം. ചൊവ്വാഴ്ചയാണ് സകലരെയും ഞെട്ടിച്ച് കൊണ്ട് താൻ സ്ഥാപിച്ച എൻസിപിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നതായി പവാർ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ തീരുമാനം പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പ്രതിഷേധത്തിലാണ്. പലവട്ടം അഭ്യർത്ഥിച്ചിട്ടും ശരദ് പവാർ വഴങ്ങുന്നില്ലെന്ന് പ്രഫുൽ പട്ടേൽ ബുധനാഴ്ച പ്രതികരിച്ചിരുന്നു.

സുപ്രിയ സുലെ പുതിയ അദ്ധ്യക്ഷയോ?

ശരദ് പവാർ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നാൽ, സുപ്രിയ സുലെ പാർട്ടി അദ്ധ്യക്ഷ ആകുമെന്നാണ് സംസാരം. പാർട്ടിയിൽ പിളർപ്പുണ്ടാക്കി അദ്ധ്യക്ഷൻ ആകാനുള്ള അജിത് പവാറിന്റെ നീക്കത്തിന് തടയിടാനാണ് ശരദ് പവാറിന്റെ കണക്കുകൂട്ടിയുള്ള നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സുപ്രിയ സുലെ എംപിയെ അദ്ധ്യക്ഷയായി വാഴിച്ചാൽ 82 കാരനായ പിതാവിന് തന്നെ പാർട്ടിയുടെ താക്കോൽ കൊണ്ടുനടക്കാം എന്നുകരുതുന്നവരുണ്ട്.

‘ അജിത് പവാർ സംസ്ഥാന കാര്യങ്ങൾ നോക്കുകയും, സുപ്രിയ ദേശീയ രാഷ്ട്രീയം കൈകാര്യം ചെയ്യുകയും വേണം. ശരദ് പവാർ അദ്ധ്യക്ഷനായി തുടരുന്നില്ലെങ്കിൽ, സുപ്രിയ അടുത്ത ദേശീയ അദ്ധ്യക്ഷ ആകണം’, മുതിർന്ന പാർട്ടി നേതാവായ ഛഗൻ ഭുജ്ബാൽ എൻഡി ടിവിയോട് പറഞ്ഞു. തനിക്ക് ദേശീയ അദ്ധ്യക്ഷൻ ആകാൻ താൽപര്യമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് മഹാരഷ്ട്ര അദ്ധ്യക്ഷൻ ജയന്ത് പാട്ടീൽ സുപ്രിയയ്ക്ക് വഴിയൊരുക്കി കഴിഞ്ഞു. പ്രഫുൽ പട്ടേലും സുപ്രിയയെ അനുകൂലിച്ചാണ് സംസാരിച്ചത്.

‘ ഒരു തലമുറ മാറ്റത്തെ കുറിച്ചാണ് പവാർ കഴിഞ്ഞ ദിവസം പറഞ്ഞത്. ഒരു പുതിയ തലമുറ പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാകും. അദ്ദേഹം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കട്ടെ’, പ്രഫുൽ പട്ടേൽ പറഞ്ഞു. അതിനിടെ, കൂട്ടരാജിയിലൂടെയും മറ്റും നേതാക്കൾ പവാറിന് മേൽ സമ്മർദ്ദം തുടരുകയാണ്. രണ്ട് എംഎൽഎമാരും, നിരവധി പാർട്ടി ഭാരവാഹികളും പവാറിന്റെ പ്രഖ്യാപനത്തിന് ശേഷം രാജി വച്ചിട്ടുണ്ട്. ശരദ് പവാർ അധ്യക്ഷപദവിയിൽ തുടരണമെന്ന് രാഹുൽ ഗാന്ധിയും എം.കെ സ്റ്റാലിനും ആവശ്യപ്പെട്ടിട്ടുണ്ട്.

ശരദ് പവാറിന്റെ ആരോഗ്യപ്രശ്‌നങ്ങൾ പരിഗണിച്ച് സുപ്രിയ സുലെയെ വർക്കിങ് പ്രസിഡന്റ് ആക്കാമെന്ന നിർദ്ദേശവും മുന്നോട്ടുവയ്ക്കുന്നു. രാഹുലും എം.കെ സ്റ്റാലിനും സുപ്രിയ സുലെയെ ഫോണിൽ വിളിച്ച് വിശദാംശങ്ങൾ തേടി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പവാർ അധ്യക്ഷനായി തുടരണമെന്നാണ് രാഹുലിന്റെയും സ്റ്റാലിന്റെയും മനസ്സിലിരുപ്പ്. എന്നാൽ, പവാറിന്റെ മനസ്സ് മാറിയില്ലെങ്കിൽ സുപ്രിയ വരട്ടെയെന്നും ഇരുവരും കരുതുന്നു.

Leave a Reply