മാസം 30,000 രൂപ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്തത് ഏഴു കോടി രൂപയുടെ വസ്തുവകകള്‍! കാറുകള്‍ ഉള്‍പ്പെടെ 20 വാഹനങ്ങള്‍

0


ഭോപ്പാല്‍: മധ്യപ്രദേശില്‍ മാസം 30,000 രൂപ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്തത് ഏഴു കോടി രൂപയുടെ വസ്തുവകകള്‍! ഏഴ് ആഢംബര കാറുകള്‍ ഉള്‍പ്പെടെ 20 വാഹനങ്ങള്‍, 30 ലക്ഷം രൂപ വിലമതിക്കുന്ന 98 ഇഞ്ച് ടിവി, വിലയേറിയ ഗിര്‍ ഇനത്തില്‍പ്പെട്ട 12 പശുക്കള്‍, 20,000 ചതുരശ്ര അടി ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് ഹേമ മീണ എന്ന കരാര്‍ ജീവനക്കാരിയുടേതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

മധ്യപ്രദേശ് പോലീസ് ഹൗസിങ് കോര്‍പറേഷനിലെ അസി. എന്‍ജിനീയറാണ് ഹേമ. കരാര്‍ അടിസ്ഥാനത്തില്‍ ഇവര്‍ സര്‍വീസില്‍ പ്രവേശിച്ചിട്ട് ഏഴുവര്‍ഷമേ ആയിട്ടുള്ളൂ. പ്രതിമാസം കേവലം 30,000 രൂപ മാത്രം ശമ്പളം വാങ്ങുന്ന ഹേമ ഇത്ര ചുരുങ്ങിയ കാലത്തിനുള്ളിലാണ് ഏഴു കോടിയോളം രൂപയുടെ സ്വത്തുക്കള്‍ സമ്പാദിച്ചത്.

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ലോകായുക്ത പ്രത്യേക പോലീസ് സംഘമാണ് കഴിഞ്ഞ ദിവസം ഹേമയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. വയര്‍ലെസ് കമ്യൂണിക്കേഷന്‍ സിസ്റ്റം, മൊെബെല്‍ ജാമറുകള്‍ ഉള്‍പ്പെടെയുള്ളവയും ഇവരുടെ വസതിയില്‍നിന്ന് കണ്ടെടുത്തു. കുടുംബാംഗങ്ങളുടെ പേരിലാണ് ഇവര്‍ കൂടുതല്‍ സ്വത്തുക്കളും വാങ്ങിയതെന്നും അന്വേഷണസംഘം കണ്ടെത്തി.

പിതാവിന്റെ പേരിലാണ് ഭോപ്പാലില്‍ 20,000 ചതുരശ്ര അടി കൃഷിസ്ഥലം വാങ്ങിയത്. തുടര്‍ന്ന് ഇവിടെ ഒരു കോടിയോളം രൂപ മുടക്കി ആഢംബര വീട് നിര്‍മിച്ചു. ഇതിനു പുറമേ റെയ്‌സണ്‍, വിദിഷ ജില്ലകളിലും ഹേമ സ്ഥലം വാങ്ങിയതായും പോലീസ് കണ്ടെത്തി. വെളിപ്പെടുത്തിയ വരുമാനത്തിന്റെ 232 ഇരട്ടി സ്വത്ത് ഇവര്‍ സമ്പാദിച്ചതായാണു വിവരം. പോലീസ് ഹൗസിങ് കോര്‍പറേഷന്റെ പദ്ധതികള്‍ക്കായുള്ള നിര്‍മാണസാമഗ്രികളാണ് ഹേമ തന്റെ ആഢംബര വീട് നിര്‍മാണത്തിനായി ഉപയോഗിച്ചത്.

സര്‍ക്കാര്‍ പദ്ധതിയില്‍പ്പെടുത്തി വിതരണം ചെയ്ത കാര്‍ഷികയന്ത്രങ്ങളും ഇവരുടെ പക്കല്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്. ഹേമ മീണയുടെ ബില്‍ഖിരിയയിലെ വീട്ടില്‍ ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ റെയ്ഡ് നടത്തിയതായി ലോകായുക്ത പോലീസ് സൂപ്രണ്ട് മനു വ്യാസ് പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും ഏഴു കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതായാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ പാനല്‍ നന്നാക്കാനെന്ന വ്യാജേനയാണ് അന്വേഷണ സംഘം ഇവരുടെ വീട്ടിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here