ലഹരി വസ്‌തു വില്‍പ്പനയ്‌ക്കിടെ പാസ്‌റ്റര്‍ അറസ്‌റ്റില്‍ , ഉച്ചവരെ ഹാന്‍സ്‌ വില്‍പ്പന; പിന്നെ സുവിശേഷ പ്രസംഗം

0


തൊടുപുഴ: നഗരസഭാ ബസ്‌ സ്‌റ്റാന്റില്‍ ഡ്രൈവര്‍മാരും കണ്ടക്‌ടര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ രഹസ്യമായി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനിടെ പാസ്‌റ്റര്‍ അറസ്‌റ്റില്‍. തൊടുപുഴ കോലാനി പാറക്കടവ്‌ ഭാഗത്ത്‌ താമസിക്കുന്ന പുത്തന്‍മണ്ണത്ത്‌ വീട്ടില്‍ പൗലോസ്‌ പൈലിയെയാണ്‌ (68) തൊടുപുഴ ഡിവൈ.എസ്‌.പി എം.ആര്‍ മധുബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌.
ഇന്നലെ പുലര്‍ച്ചെ ഏഴോടെ സ്‌റ്റാന്‍ഡില്‍ വച്ച്‌ ബസ്‌ ജീവനക്കാര്‍ക്ക്‌ നിരോധിത ഉല്‍പ്പന്നങ്ങള്‍ കൈമാറുന്നതിനിടെയായിരുന്നു പ്രതി വലയിലായത്‌. പിടികൂടുമ്പോള്‍ 97 ഹാന്‍സ്‌ പായ്‌ക്കറ്റുകള്‍ പാന്റ്‌സിന്റെ നാല്‌ പോക്കറ്റിലും അടിവസ്‌ത്രങ്ങള്‍ക്കുള്ളിലുമായി കണ്ടെത്തി. ഇവ നോട്ട്‌ബുക്ക്‌ കടലാസില്‍ 50 രൂപയുടെ ഓരോ പൊതികളാക്കി വില്‍ക്കാന്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. സ്‌റ്റാന്‍ഡിലെത്തുന്ന ബസിലെ പതിവുകാരായ ആവശ്യക്കാരെ സമീപിച്ച്‌ ഈ പൊതികള്‍ രഹസ്യമായി കൈകമാറി 50 രൂപ കൈപ്പറ്റുന്നതായിരുന്നു ഇയാളുടെ രീതി. അയല്‍ സംസ്‌ഥാനങ്ങളില്‍ ഇത്തരം ഒരു പായ്‌ക്കറ്റിന്‌ 30 രൂപയാണ്‌ വില. വില്‍പ്പന വേഗത്തിലാക്കുന്നതിന്‌ വേണ്ടി 50 രൂപ ചില്ലറയായി നല്‍കാന്‍ ഇല്ലാത്തവര്‍ക്ക്‌ പൊതി കൈമാറാന്‍ ഇയാള്‍ വിസമ്മതിക്കുമായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു.
സ്‌റ്റാന്‍ഡിനുള്ളില്‍ മഫ്‌തിയില്‍ എത്തിയ പോലീസ്‌ സംഘത്തെ തിരിച്ചറിയാതെ പതിവ്‌ പോലെ വില്‍പ്പന തുടരുന്നതിനിടെ പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന്‌ പാറക്കടവിലെ പ്രതിയുടെ വീട്ടില്‍ നിന്ന്‌ ഇരുപതിനായിരത്തോളം രൂപ വിലവരുന്ന നിരോധിത പുകയില പായ്‌ക്കറ്റുകള്‍ കിടപ്പുമുറിയില്‍ ചാക്കിലാക്കി സൂക്ഷിച്ച നിലയില്‍ കണ്ടെത്തി.
വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ബസ്‌ ജീവനക്കാരനായിരുന്ന പൗലോസിന്‌ പ്രൈവറ്റ്‌ സ്‌റ്റാന്‍ഡില്‍ സ്‌ഥിരമായി ഉണ്ടായിരുന്ന പരിചയമാണ്‌ രഹസ്യമായി ഹാന്‍സ്‌ വില്‍പ്പനയിലേക്ക്‌ തിരിയുവാന്‍ പ്രചോദനമായത്‌. അഞ്ച്‌ വര്‍ഷമായി താന്‍ ഇത്തരത്തില്‍ രഹസ്യമായി പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റിരുന്നതായും ഇക്കാര്യം തന്റെ വീട്ടുകാര്‍ക്ക്‌ പോലും അറിയില്ലെന്നുമാണ്‌ ഇയാള്‍ പോലീസിനോട്‌ പറഞ്ഞത്‌. സുവിശേഷ പ്രാസംഗികനായി നാട്ടില്‍ അറിയപ്പെടുന്ന പ്രതി ദിവസവും ഉച്ചവരെ പ്രൈവറ്റ്‌ സ്‌റ്റാന്‍ഡില്‍ ലഹരി കച്ചവടവും ഉച്ചയ്‌ക്ക്‌ ശേഷം സുവിശേഷ പ്രസംഗ ജോലിയിലുമാണ്‌ ഏര്‍പ്പെട്ടിരുന്നതെന്ന്‌ ഡിവൈ.എസ്‌.പി എം.ആര്‍. മധു ബാബു പറഞ്ഞു.
സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ കെ.എസ്‌. അരുണ്‍കുമാര്‍, സിവില്‍ പോലീസ്‌ ഓഫീസര്‍ പി.എസ്‌. സുമേഷ്‌ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. പിടികൂടിയ ലഹരി വസ്‌തുക്കള്‍ പോലീസ്‌ സേ്‌റ്റഷനിലേക്ക്‌ മാറ്റി. പൗലോസിനെതിരെ കേസെടുത്തതായി പോലീസ്‌ പറഞ്ഞു.

Leave a Reply