നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയ്ക്കെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ നാല് ജില്ലകളിൽ എൻ ഐ എ റെയ്ഡ്

0

ചെന്നൈ: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയ്ക്കെതിരായ (പി എഫ് ഐ) അന്വേഷണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ നാല് ജില്ലകളിൽ എൻ ഐ എ റെയ്ഡ്. മധുര, ചെന്നൈ, ഡിണ്ടിഡൽ, തേനി ജില്ലകളിലാണ് റെയ്ഡ് നടന്നത്. തമിഴ്‌നാട് പൊലീസുമായി ചേർന്ന് പ്രതികളെന്ന് സംശയിക്കുന്നവരുടെ വീടുകളിലും മറ്റുമാണ് എൻ ഐ എയുടെ വിവിധ സംഘങ്ങൾ പരിശോധന നടത്തിയത്.

കഴിഞ്ഞ വർഷം തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ പി എഫ് ഐ പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളിൽ എൻ ഐ എ പരിശോധന നടത്തി രേഖകളും ആർട്ടിക്കിളും ഡിജിറ്റൽ ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തിരുന്നു. പി എഫ് ഐയ്ക്കെതിരായ കേസിൽ പത്താമത്തെ പ്രതി അറസ്റ്റിലായി അഞ്ചുമാസങ്ങൾക്ക് ശേഷമാണ് വീണ്ടും കേന്ദ്ര ഏജൻസി പരിശോധന നടത്തുന്നത്.

ജമ്മു കാശ്മീരിലെ വിവിധയിടങ്ങളിലും എൻ ഐ എ റെയ്ഡ് നടത്തുകയാണ്. പാക്കിസ്ഥാൻ കമാൻഡർമാരുടെയും ഹാൻഡ്ലർമാരുടെയും നിർദ്ദേശപ്രകാരം വ്യാജ പേരുകളിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ് റെയ്ഡുകൾ നടത്തുന്നത്. ശ്രീനഗർ, അനന്ദ്നാഗ്, കുപ്വാര, പൂഞ്ച്, രാജൗരി, കിഷ്ത്വാർ എന്നീ ജില്ലകളിലുൾപ്പെടെയാണ് റെയ്ഡ് നടക്കുന്നത്.

അതേസമയം ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാനുള്ള നീക്കത്തിലാണു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) പ്രവർത്തിക്കുന്നതെന്ന് എൻഐഎ നേരത്തെ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. അഞ്ച് കേസുകളുടെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഇതിൽ 105 പേരാണ് പ്രതികൾ. സാമൂഹിക, രാഷ്ട്രീയ സംഘടനകളുടെ പേരിലാണ് പിഎഫ്‌ഐ പ്രവർത്തിക്കുന്നതെന്നും ഇവയിൽ ഉയർന്ന പരിശീലനം ലഭിച്ചവരുടെ സേന പ്രവർത്തിക്കുന്നുണ്ടെന്നും സമാന്തര കോടതികളുണ്ടെന്നും ഈ മാസം സമർപ്പിച്ച കുറ്റപത്രത്തിൽ എൻഐഎ പറയുന്നു. 2047 ആകുമ്പോൾ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരാനാണ് അവരുടെ പദ്ധതി.

നിലവിൽ 15 സംസ്ഥാനങ്ങളിലാണ് പിഎഫ്‌ഐ പ്രവർത്തിക്കുന്നത്. സാമൂഹികക്ഷേമ പദ്ധതികളും പ്രചാരണങ്ങളും നടത്തി അതിന്റെ മറവിലാണ് സംഘടന ഇന്ത്യാ വിരുദ്ധ, അക്രമ അജൻഡ നടപ്പാക്കുന്നത്. കേഡർമാർക്ക് ആയുധ പരിശീലനം ഉൾപ്പെടെയുള്ളവ സംഘടന നൽകും. ഉയർന്ന പരിശീലനം സിദ്ധിച്ചവരെ ‘ഹിറ്റ് സ്‌ക്വാഡുകൾ’ അല്ലെങ്കിൽ ‘സർവീസ് ടീം’ എന്നിങ്ങനെ തിരിക്കും.

പിഎഫ്‌ഐ ഭീകരപ്രവർത്തനത്തിനു നൽകുന്ന ഫണ്ടിങ്ങിന്റെ വിവരങ്ങളും എൻഐഎ കുറ്റപത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ശമ്പളമെന്ന വ്യാജേന പണമായും ബാങ്ക് അക്കൗണ്ടുകൾ വഴി നൽകിയും ഇടപാടുകൾ നടത്തിയതിന്റെ തെളിവുകളും എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.

Stories you may Like

LEAVE A REPLY

Please enter your comment!
Please enter your name here